ഇറാൻ-അമേരിക്ക സമാധാന ധാരണയുടെ പശ്ചാത്തലത്തിൽ ലോകവ്യാപാരത്തിന് വലിയ ആശ്വാസം നൽകിക്കൊണ്ട് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു. യുഎസ് സെൻട്രൽ കമാൻഡിന്റെ കണക്കുകൾ പ്രകാരം ഇന്ന് മാത്രം 55 കപ്പലുകൾ ഈ മേഖലയിലൂടെ സഞ്ചരിച്ചു.
ഇതിലൂടെ 17 ലക്ഷം ബാരൽ എണ്ണ ഉടൻ തന്നെ ആഗോള വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചിട്ടത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.
എങ്കിലും, ലബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് വീണ്ടും അടയ്ക്കുകയാണെന്ന ഇറാൻ പ്രഖ്യാപനം പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല ചർച്ചകൾ നാളെ പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വിസർലൻഡിൽ എത്തും. ഇറാൻ സ്പീക്കർ എം ബി ഗാലിബാഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കാളികളാകുമെന്ന് സൂചനയുണ്ട്.
കൂടാതെ പാക്, ഖത്തർ പ്രതിനിധി സംഘങ്ങളും ചർച്ചകളിൽ ഭാഗമാകും. ഇതിനിടെ, മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഹോർമുസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ കപ്പലായ ദിഷ ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിയത് ഇന്ത്യക്ക് വലിയ ആശ്വാസമായി.
ജൂൺ പതിനഞ്ചിന് മാൾട്ട പതാകയുമായി പുറപ്പെട്ട
ഈ കപ്പൽ 62,370 മെട്രിക് ടൺ എൽഎൻജിയുമായാണ് ഇന്ത്യൻ തീരത്ത് എത്തിയത്. ഈ കപ്പലിന്റെ വരവ് ഇന്ത്യയുടെ ഊർജ, കാർഷിക മേഖലകളിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഹോർമുസ് മേഖലയിൽ നിലവിൽ 34 കപ്പലുകളുണ്ട്.
ഇതിൽ 16 എണ്ണം രാസവളവും 15 എണ്ണം ഇന്ധനവും വഹിക്കുന്നവയാണ്. കൂടാതെ, 13 ഇന്ത്യൻ കപ്പലുകൾ കൂടി കടലിടുക്ക് കടക്കാൻ അനുമതി തേടി കാത്തിരിക്കുകയാണ്.
ഈ കപ്പലുകളിലായി 539 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് സർക്കാർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലും സഞ്ചരിക്കുന്ന ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും പൂർണ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
കൂടുതൽ കപ്പലുകൾ വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തുന്നതോടെ ഇന്ധനക്ഷാമം പൂർണമായും പരിഹരിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

