വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്ത് നശിക്കുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വൻ സ്വീകാര്യത. ദിവസവും ലോഡ് കണക്കിന് ചക്കയാണ് വയനാടൻ മേഖലകളിൽ നിന്ന് അതിർത്തി കടന്ന് കർണാടകയിലെ വിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നത്.
പാതയോരങ്ങളിൽ പഴുത്ത ചക്കയ്ക്കും ചുളകൾക്കും പച്ചച്ചക്കയ്ക്കും വലിയ ആവശ്യക്കാരാണുള്ളത്. കർണാടകയിൽ അഞ്ച് ചുള അടങ്ങിയ പാക്കറ്റിന് 30 രൂപയാണ് വില.
ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്. ഒരു വലിയ ചക്ക വിപണിയിൽ വിറ്റഴിക്കുമ്പോൾ വ്യാപാരികൾക്ക് ലഭിക്കുന്നത് 500 രൂപയിലധികമാണ്.
എന്നാൽ, വയനാട്ടിലെ കർഷകർക്ക് ഒരു ചക്കയ്ക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്. സംസ്കരണ സംവിധാനങ്ങളുടെ അഭാവം മൂലം ജില്ലയിൽ വിളയുന്ന ചക്കയുടെ നല്ലൊരു ഭാഗവും തോട്ടങ്ങളിൽ തന്നെ കിടന്ന് നശിക്കുകയാണ്.
ഇതോടൊപ്പം ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന മറ്റ് പഴവർഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഉത്തരേന്ത്യൻ വിപണികളിലേക്കും വയനാട്ടിൽ നിന്ന് ചക്ക കൊണ്ടുപോകുന്നുണ്ട്.
ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ഐസ് പാളികൾ ഉപയോഗിച്ച് തണുപ്പ് നിലനിർത്തിയാണ് ലോറികളിൽ കയറ്റി അയക്കുന്നത്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും, ഉൽപന്നങ്ങൾക്കായി ശാസ്ത്രീയമായ വിപണന സംവിധാനമോ സംസ്കരണ യൂണിറ്റുകളോ ജില്ലയിൽ ഇല്ലാത്തത് കർഷകർക്ക് തിരിച്ചടിയാവുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

