ആമ്പല്ലൂർ ദേശീയപാതയിൽ പുരോഗമിക്കുന്ന അടിപ്പാത നിർമാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള ഭാഗങ്ങളിൽ ശാസ്ത്രീയമായ ഡ്രെയ്നേജ് സംവിധാനങ്ങൾ ഒരുക്കാത്തത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കുന്നതായി പരാതി ഉയർന്നു.
നെന്മണിക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. നിലവിൽ ദേശീയപാതയിലെ അടിപ്പാത ഭാഗങ്ങളിൽ നിന്നും പടിഞ്ഞാറ് ദിശയിലേക്കാണ് വെള്ളം ഒഴുകുന്നത്.
എന്നാൽ, ഈ ജലം സുഗമമായി ഒഴുക്കിവിടാനുള്ള സംവിധാനത്തിന്റെ അഭാവം നെന്മണിക്കര നിവാസികൾക്ക് കടുത്ത ഭീഷണിയാകുകയാണ്. വരാനിരിക്കുന്ന മഴക്കാലത്ത് വെള്ളം നെന്മണിക്കരയിലേക്ക് കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഈ സാഹചര്യം തുടർന്നാൽ നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകളുടെ പ്രവേശന കവാടങ്ങളും ചെളിയിലും വെള്ളത്തിലും മുങ്ങും. ഇത് പ്രദേശത്തെ ഗതാഗതം പൂർണമായി തടസ്സപ്പെടുത്തും.
അഞ്ഞൂറിലധികം വീടുകൾ, വിവിധ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള യാത്രാ സൗകര്യങ്ങളെ ഈ പ്രതിസന്ധി നേരിട്ട് ബാധിക്കും. മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി ശാസ്ത്രീയമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തി.
ദേശീയപാത മുറിച്ചുകടക്കുന്ന വെള്ളം തടസ്സമില്ലാതെ മണലിപ്പുഴയിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥരുടെ പരിശോധനാ വേളയിൽ നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

