കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ അതിക്രമിച്ചു കയറി മോഷണം. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് അക്രമി മോഷണം നടത്തിയത്.
20,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്താണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്.
തുടർന്ന് അകത്തെ മുറിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ പൂട്ടിയിട്ട ശേഷം പിക്കാസുമായി എത്തി വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്തു.
മേശവലിപ്പ് കുത്തിത്തുറന്ന് പണം കവർന്ന പ്രതി, ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ല. പിന്നീട് ക്ഷേത്രനടയിലെ മേശയും, വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം അപഹരിച്ചു.
പിൻവശത്തെ ഭണ്ഡാരം തകർക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വാതിൽ തള്ളിത്തുറന്ന് പുറത്തിറങ്ങി മോഷ്ടാവുമായി ഏറ്റുമുട്ടി. ഈ സമയം “പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.” ഒടുവിൽ ജീവനക്കാരനെ തള്ളിമാറ്റി മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട
നിലയിൽ രണ്ട് ടോർച്ചുകൾ സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. ടൗൺ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

