എറണാകുളം ജില്ലയിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മാറംപിള്ളി മുടിക്കൽ തുകലിൽ വീട്ടിൽ ഉവൈസിനെ (40) കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചു. ജില്ലാ കലക്ടർ ജി.പ്രിയങ്ക പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചത്. പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഉവൈസ്.
കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ, സംഘർഷം തുടങ്ങി ഗുരുതരമായ ഒട്ടനവധി കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് ബംഗാൾ സ്വദേശിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ബലമായി തട്ടിയെടുക്കാൻ ശ്രമിക്കുകയും, ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുകയും ചെയ്ത സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് നടപടിക്ക് ആധാരമായത്.
പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ ജോജോ ജോർജ്, ജോബി ജോർജ്, എസ്.എൽ.അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ.സുധീർ, എം.ബി.സുബൈർ, സിവിൽ പൊലീസ് ഓഫിസർ എ.കെ.നജ്മി എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

