ആമ്പല്ലൂർ മേഖലയിലെ ദേശീയപാതയിൽ പുരോഗമിക്കുന്ന അശാസ്ത്രീയമായ അടിപ്പാത നിർമാണം നെന്മണിക്കര ഗ്രാമത്തെ വലിയൊരു വെള്ളക്കെട്ട് ഭീഷണിയിലേക്ക് തള്ളിവിടുന്നു. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ മഴവെള്ളം സുഗമമായി ഒഴുക്കിവിടുന്നതിനായി ആധുനിക ഡ്രെയ്നേജ് സംവിധാനങ്ങൾ ഏർപ്പെടുത്താത്തതാണ് നാട്ടുകാരുടെ ആശങ്കയ്ക്ക് കാരണം.
നെന്മണിക്കര പഞ്ചായത്ത് സമർപ്പിച്ച പരാതിയെ തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ആമ്പല്ലൂരിലെത്തി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയപാതയിലെ അടിപ്പാതകൾ ഉള്ള ഭാഗങ്ങളിൽ നിന്ന് പടിഞ്ഞാറൻ ദിശയിലേക്ക് ഒഴുകുന്ന മഴവെള്ളം പൂർണ്ണമായും എത്തുന്നത് നെന്മണിക്കരയിലേക്കാണ്.
നിലവിൽ ഈ വെള്ളം ഒഴുക്കി വിടാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടിനും ചെളിനിറഞ്ഞ അവസ്ഥയ്ക്കും വഴിവെച്ചിട്ടുണ്ട്. നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകളുടെ പ്രവേശന കവാടങ്ങളും ഇതിലൂടെ അപകടസാധ്യതയിലായിരിക്കുകയാണ്.
ഈ സാഹചര്യം തുടർന്നാൽ അഞ്ഞൂറിലധികം വീടുകൾ, വിവിധ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി ദേശീയപാത മറികടന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കി വിടുന്നതിനായുള്ള ശാസ്ത്രീയമായ ക്രമീകരണങ്ങൾ നടപ്പിലാക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
പരിശോധനയ്ക്കായി എത്തിയ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് മുമ്പാകെ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവർ സ്ഥിതിഗതികൾ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

