വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു നശിക്കുന്ന ചക്കയ്ക്ക് കർണാടകയിലെ വിപണികളിൽ വലിയ സ്വീകാര്യത ലഭിക്കുന്നു. ജില്ലയിലെ തോട്ടങ്ങളിൽ നിന്ന് ദിവസേന ലോഡ് കണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലേക്ക് എത്തുന്നത്.
അയൽസംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും ചക്കയ്ക്ക് വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. പഴുത്തതും ചുളയിരിഞ്ഞുവച്ചതും പച്ചച്ചക്കയുമെല്ലാം ഇവിടെ സുലഭമായി ലഭ്യമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാൻ ധാരാളം ആളുകൾ എത്തുന്നുണ്ട്. നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില.
ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലാണ് വിൽപന. ഒരു വലിയ ചക്ക മുറിച്ചു വിൽക്കുമ്പോൾ കച്ചവടക്കാരന് 500 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട്.
എന്നാൽ, വയനാട്ടിൽ ചക്ക വിൽക്കുന്ന കർഷകർക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ലോറികളിൽ ഉത്തരേന്ത്യയിലേക്കും ചക്ക കയറ്റി അയക്കുന്നുണ്ട്.
കനത്ത ചൂടിൽ കേടുകൂടാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ചക്കകൾ കൊണ്ടുപോകുന്നത്. ഓരോ വർഷവും വലിയ അളവിൽ ചക്ക ജില്ലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴും, തോട്ടങ്ങളിൽ വിളയുന്നതിന്റെ വലിയൊരു ഭാഗം പഴുത്തു ചീഞ്ഞു നശിക്കുകയാണ്.
ജില്ലയിൽ ചക്ക ഉപയോഗപ്പെടുത്തി മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനോ അവ വിപണനം ചെയ്യാനോ ആവശ്യമായ സംവിധാനങ്ങൾ നിലവിലില്ല. ജൈവരീതിയിൽ വിളയുന്ന മറ്റ് ഫലവർഗങ്ങളുടെ അവസ്ഥയും സമാനമാണ്.
പഴവർഗ കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, അവയ്ക്ക് ആവശ്യമായ വിപണിയോ സംസ്കരണ സൗകര്യങ്ങളോ കണ്ടെത്തുന്നതിൽ അധികൃതർ പരാജയപ്പെടുന്നുവെന്നതാണ് വസ്തുത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

