പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തിയതിനെത്തുടർന്ന് ഗർഭിണിയായ യുവതി മരണപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു.
സംഭവം ആത്മഹത്യയാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് യുവതിയുടെ കുടുംബം രംഗത്തെത്തി. സംഭവദിവസം പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങിയത് സോനയാണെങ്കിലും, അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് വസന്ത ഉറപ്പിച്ചു പറയുന്നു.
രജിൻ ലാൽ നിർബന്ധിച്ചതുകൊണ്ടാണ് മകൾ പെട്രോൾ വാങ്ങിയതെന്ന് അവർ ആരോപിച്ചു. സംഭവദിവസം രാവിലെ 10.30-ന് മകൾ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും, യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാത്ത അവസ്ഥയിലായിരുന്നു അവളെന്നും വസന്ത വ്യക്തമാക്കി.
രണ്ടു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് സോന അറിയിച്ചിരുന്നു. ഗർഭകാലത്തുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസക്കാലം പാലേരിയിലെ വീട്ടിലായിരുന്നു സോന താമസിച്ചിരുന്നത്.
രജിൻ ലാൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് അവളെ തിരികെ കൊണ്ടുപോയത്. കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മകൾക്ക് നീതി ലഭിക്കണമെന്നും വസന്ത ആവശ്യപ്പെട്ടു.
മറുഭാഗത്ത്, അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻലാലിന്റെ പിതാവ് രാജൻ ആരോപണങ്ങൾ നിഷേധിച്ചു. തന്റെ മകനെ കുടുക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
”സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം തന്റെ മകന്റെ മേൽ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും രാജൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

