ചെങ്ങന്നൂർ കൊഴുവല്ലൂർ കിഴക്കേ മോടിയിലെ തങ്കമ്മയുടെ വീടിനു സമീപം സ്ഥാപിച്ച മഞ്ഞക്കുറ്റി ഇപ്പോൾ സമരവിജയത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു. 2022 മാർച്ച് 14-ന് കെ-റെയിൽ ഉദ്യോഗസ്ഥർ തങ്കമ്മയുടെ വീടിനു മുന്നിൽ ഈ കുറ്റി സ്ഥാപിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
തുടർന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി 7.75 ലക്ഷം രൂപ ചെലവിൽ തങ്കമ്മയ്ക്ക് സുരക്ഷിതമായ പുതിയ വീട് നിർമിച്ചു നൽകി. സമരകാലത്ത് മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ നട്ട
വാഴകളിൽ നിന്നുള്ള വരുമാനവും ഇതിനായി വിനിയോഗിച്ചു. പഴയ ഒറ്റമുറിക്കൂര ഉപേക്ഷിക്കപ്പെട്ട
പദ്ധതിയുടെ സ്മാരകം പോലെ ഇപ്പോഴും നിലനിൽക്കുന്നു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്ന വാർത്തയോട് തങ്കമ്മ പ്രതികരിച്ചത് ഇങ്ങനെ: “വലിയ സന്തോഷമുണ്ട്.
വീട് നഷ്ടപ്പെടുമെന്നതിനെക്കാൾ ആകെയുള്ള മൂന്നര സെന്റ് ഭൂമി നഷ്ടപ്പെടുമെന്ന വേദനയായിരുന്നു ഉള്ളിൽ. അമ്മ ഉൾപ്പെടെ പൂർവികർ താമസിച്ച മണ്ണാണ്.
അതു കൈവിട്ടു പോകില്ല എന്നറിഞ്ഞപ്പോോൾ സന്തോഷം’’ പദ്ധതി റദ്ദാക്കിയതിന്റെ ആഹ്ലാദത്തിൽ ചെങ്ങന്നൂർ മുളക്കുഴ ജംക്ഷനിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ ഒത്തുചേർന്നു. 2022 മാർച്ച് നാലുമുതൽ സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെയാണ് മുളക്കുഴ പ്രദേശം കടന്നുപോയത്.
ഊരിക്കടവ് പാലത്തിനു സമീപം മഞ്ഞക്കുറ്റി സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷവും തുടർന്നുണ്ടായ പൊലീസ് നടപടികളും വലിയ പ്രക്ഷോഭങ്ങൾക്ക് വഴിതുറന്നു. ശാന്തമ്മ സ്റ്റീഫൻ, എ.ബിമൽജി, റെജി തോമസ്, ഷീജ തുടങ്ങിയവർ സമരകാലത്തെ ശാരീരിക പീഡനങ്ങളെക്കുറിച്ചും മാനസിക പ്രയാസങ്ങളെക്കുറിച്ചും യോഗത്തിൽ പങ്കുവെച്ചു.
കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസും ചടങ്ങിൽ പങ്കെടുത്തു. ചെങ്ങന്നൂർ, പള്ളിക്കൽ, നൂറനാട്, വെൺമണി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്.
പടനിലം ക്ഷേത്രത്തിലെ ഉത്സവങ്ങളെ പദ്ധതി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരം ശ്രദ്ധേയമായി. 2022 മാർച്ചിൽ കല്ലിടൽ ആരംഭിച്ചപ്പോൾ ഉണ്ടായ പ്രതിഷേധങ്ങൾ നിയമസഭയിലും ചർച്ചയായിരുന്നു.
ആലപ്പുഴ ജില്ലയിൽ മാത്രം 42.0884 ഹെക്ടർ ഭൂമിയാണ് സിൽവർ ലൈനിനായി സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ 41 കേസുകൾ വിവിധ സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തതിൽ 33 എണ്ണം പിഴയടച്ച് തീർപ്പാക്കി; എട്ടെണ്ണം ഇപ്പോഴും നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

