ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസും ചേർന്ന് കെഎസ്യു പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണത്തിൽ പുനരന്വേഷണം ആരംഭിച്ചതോടെ, പഴയങ്ങാടിയിൽ അരങ്ങേറിയ സമാനമായ അക്രമസംഭവവും വീണ്ടും ചർച്ചയാകുന്നു. മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സിനുശേഷം തളിപ്പറമ്പിലേക്ക് യാത്ര തിരിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണമാണ് നിയമനടപടികൾക്ക് വിധേയമാകുന്നത്.
ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, കെഎസ്യു നേതാവ് സഞ്ചു സന്തോഷ് എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. കൂടാതെ, ജില്ലാ സെക്രട്ടറി മഹിത മോഹൻ, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, സായി ശരൺ എന്നിവർക്കും മർദ്ദനത്തിൽ പരുക്കേറ്റിരുന്നു.
സംഭവത്തിന് പിന്നാലെ, ആക്രമണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ആ നടപടി “ജീവൻരക്ഷാപ്രവർത്തനമായിരുന്നു” എന്നായിരുന്നു അദ്ദേഹം അന്ന് വിശേഷിപ്പിച്ചത്.
സംസ്ഥാനത്ത് ഇത്തരത്തിലൊരു ‘ജീവൻരക്ഷാ’ പ്രവർത്തനം എന്ന് സർക്കാർ വാദിച്ച സംഭവത്തിലാണ് കെഎസ്യു-യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരുക്കേറ്റത്. ഈ സംഭവത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും എട്ടുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനുപുറമെ, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളായ അഞ്ച് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസ് നിലവിൽ വിചാരണാ ഘട്ടത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

