രൂക്ഷമായ വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു പ്രദേശത്തെ മുഴുവൻ സംരക്ഷിക്കേണ്ട നിർണായക ജലാശയമായ വേമ്പനാട്ടു കായൽ കടുത്ത പ്രതിസന്ധിയിലേക്ക്.
കായലിന്റെ ജലം ഉൾക്കൊള്ളാനുള്ള ശേഷി അപകടകരമായ രീതിയിൽ കുറഞ്ഞുവരികയാണെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. 2023ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം, കായലിന്റെ ജലസംഭരണ ശേഷി 2617.5 മില്യൻ ക്യുബിക് മീറ്ററിൽ നിന്ന് വെറും 387.87 മില്യൻ ക്യുബിക് മീറ്ററായി കൂപ്പുകുത്തിയിട്ടുണ്ട്.
പതിവ് എക്കലിന് പുറമേ ടൺ കണക്കിന് മാലിന്യമാണ് അനുദിനം കായലിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിലെ പാലങ്ങളിൽ തടഞ്ഞുനിന്ന മാലിന്യങ്ങൾ മാത്രം ടൺ കണക്കിന് വരും.
ഇതിന്റെ ഇരട്ടിയിലധികം അവശിഷ്ടങ്ങളാണ് താഴേക്ക് ഒഴുകിയെത്തിയത്. ഇതിനു പുറമേ ആറുകളുടെ താഴ്ഭാഗങ്ങളിൽ നിന്നും വ്യാപകമായി മാലിന്യങ്ങൾ കായലിലേക്ക് ഒഴുകുന്നുണ്ട്.
ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നത് ജൈവവ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയാണ്. തീറ്റ തേടിയിറങ്ങുന്ന മത്സ്യക്കുഞ്ഞുങ്ങൾ പ്ലാസ്റ്റിക് കൂടുകളിൽ അകപ്പെട്ടു ചൊടുങ്ങുന്നതായി വിവിധ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.
ഭീഷണിയായി മൺതിട്ടകളും ആഴക്കുറവും നദീമുഖങ്ങളിൽ രൂപപ്പെട്ടിട്ടുള്ള കൂറ്റൻ മൺതിട്ടകൾ വേമ്പനാട്ടു കായലിലേക്കുള്ള നീരൊഴുക്കിനെ ഗുരുതരമായി ബാധിക്കുന്നുണ്ട്. എക്കലും ചെളിയും അടിഞ്ഞുകൂടി കായലിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതുരുത്തുകൾ രൂപപ്പെട്ടിരിക്കുകയാണ്.
ഇതിൽ ഏറ്റവും വലുത് പെണ്ണാർ തോട് അഥവാ ചീപ്പുങ്കൽ തോട് പതിക്കുന്ന ചീപ്പുങ്കൽ കായൽ ഭാഗത്താണ്. കായലിന്റെ ശരാശരി ആഴം 2.5 മീറ്റർ ആണെങ്കിലും, പലയിടത്തും ഇത് ഒരു മീറ്ററിൽ താഴെയായി ചുരുങ്ങിയിരിക്കുന്നു.
ഈ ഭാഗങ്ങളിൽ കായലിന്റെ അടിത്തട്ടിൽ പടർന്നുപിടിക്കുന്ന ജലസസ്യങ്ങൾ ജലോപരിതലത്തിലേക്ക് ഉയർന്നുനിൽക്കുന്ന സ്ഥിതിയുണ്ട്. കാലക്രമേണ ഈ പ്രദേശങ്ങളും തുരുത്തുകളായി മാറാൻ സാധ്യതയുണ്ട്.
മീനച്ചിലാറിന്റെയും അതിന്റെ കൈവഴികളുടെയും ആഴത്തേക്കാൾ വളരെ കുറവാണ് പലയിടത്തും കായലിന്റെ ആഴം. പ്രത്യേകിച്ചും നദികൾ കായലിൽ പതിക്കുന്ന ഭാഗങ്ങളിൽ ഈ സ്ഥിതി രൂക്ഷമാണ്.
കൂടുതൽ ആഴമുള്ള ഭാഗത്തുനിന്ന് വെള്ളം ആഴം കുറഞ്ഞ ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ നീരൊഴുക്കിന് തടസ്സം നേരിടുന്നു. ഇത് കായലിന്റെ മൊത്തത്തിലുള്ള ജലസംഭരണ ശേഷിയെ സാരമായി ബാധിക്കുന്നുണ്ട്.
കിഴക്കൻ മേഖലകളിൽ ശക്തമായ മഴ പെയ്യുമ്പോൾ അധികമായി ഒഴുകിയെത്തുന്ന വെള്ളം സുഗമമായി ഒഴുകിപ്പോകാനാകാതെ കരയിലേക്ക് കവിഞ്ഞൊഴുകുന്നതാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാക്കുന്നത്. മീനച്ചിലാറിന് പുറമേ പഴക്കാനിലം, വെട്ടിക്കാട്, മുത്തേരിമട, നാലുപങ്ക്, മുത്തന്റെനട, കൊഞ്ചുമട, നസ്രത്ത്, ബോട്ട് ജെട്ടി, വാച്ചാപറമ്പ്, ചൂളക്കലുങ്ക്, കവണാർ, പെണ്ണാർ, കൈപ്പുഴമുട്ട് തുടങ്ങിയ ചെറുതും വലുതുമായ നിരവധി തോടുകളാണ് വേമ്പനാട്ടു കായലിൽ പതിക്കുന്നത്.
ഈ സംഗമസ്ഥാനങ്ങളിലെല്ലാം എക്കൽ അടിഞ്ഞുകൂടി ആഴം തീരെ കുറഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

