പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് വിദേശ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനം ഇന്ത്യയുടെ നിക്ഷേപ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. യുഎഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിലൂടെ 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അമ്പതിലധികം രാജ്യാന്തര കമ്പനികളുടെ മേധാവികളുമായി നടത്തിയ ചർച്ചകളിലാണ് നിക്ഷേപങ്ങൾ സംബന്ധിച്ച ധാരണയായത്. നിലവിൽ ഈ കമ്പനികളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി 17.3 ലക്ഷം കോടി രൂപയോളം നിക്ഷേപമുണ്ട്.
ഇതിനു പുറമെയാണ് പുതിയ നിക്ഷേപങ്ങളായി 3.5 ലക്ഷം കോടി രൂപ കൂടി രാജ്യത്തേക്ക് എത്തുന്നത്. സെമികണ്ടക്ടർ, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നീ മേഖലകൾക്കാണ് നിക്ഷേപങ്ങളിൽ മുൻഗണന നൽകിയിരിക്കുന്നത്.
ഇതിൽ യുഎഇ മാത്രം 45,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ യുഎഇ സന്ദർശനം നിർണായകമായിരുന്നു.
യുഎസ്-ഇറാൻ സംഘർഷ സാഹചര്യത്തിൽ ഹോർമുസ് പ്രതിസന്ധിക്കിടയിലും യുഎഇയിൽ നിന്ന് ക്രൂഡോയിൽ ലഭ്യത ഉറപ്പാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഇന്ത്യയ്ക്കുവേണ്ടി പെട്രോളിയം ശേഖരം സൂക്ഷിക്കുന്നതിനുള്ള കരാറിലും, ദീർഘകാലത്തേക്ക് എൽപിജി ലഭ്യത ഉറപ്പാക്കുന്നതിലും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി.
നോർഡിക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ 200% വർധനവുണ്ടായതായി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്ലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയാണിത്.
കൂടാതെ, ഇറ്റലിയുമായി ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിൽ’ ഏർപ്പെടാനും ഇന്ത്യക്ക് സാധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

