ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളത്ത് മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പിതാവ് അന്തരിച്ചു. മാങ്ങോട് മുത്തു (75) ആണ് മരണപ്പെട്ടത്.
ഈ മാസം 13-ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം നടന്നത്. സഹോദരിയെ പിതാവ് വഴക്കുപറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ മകൻ സുനിൽ (35) കൈക്കോട്ട് ഉപയോഗിച്ച് മുത്തുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ വധശ്രമത്തിന് കേസെടുത്ത് സുനിലിനെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പെയിന്റിങ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ദൈവാനിയാണ് മുത്തുവിന്റെ ഭാര്യ. സുമിത, സുനിൽ, സുചിത്ര എന്നിവരാണ് മക്കൾ.
സുരേഷ്, പാർഥിപൻ എന്നിവർ മരുമക്കളാണ്. മാണി, ചെല്ല, കല്യാണി എന്നിവർ സഹോദരങ്ങളാണ്.
പരേതരായ കണ്ടൻ, മണിയൻ എന്നിവരും സഹോദരങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

