സമരത്തിന് മുന്നോടിയായി അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടിരുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത് ദിപ്കെ. അറസ്റ്റിനെ നേരിടാനുള്ള പ്ലാൻ ബി അടങ്ങിയ ശബ്ദരേഖ മുൻകൂട്ടി തയ്യാറാക്കിവെക്കാനും ഇത് കാരണമായി.
എന്നാൽ ശനിയാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വനിതാ പൊലീസിനെ മാത്രം ഉപയോഗിച്ച് ഡൽഹി പൊലീസ് നടത്തിയ നീക്കങ്ങൾ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിമാനത്തിനുള്ളിൽ പ്രവേശിച്ച് വനിതാ ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ച് സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയും, ഇതിൽ പുരുഷ പൊലീസിനെ ഒഴിവാക്കിയതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
സിജെപി നേതാക്കളുടെ അറസ്റ്റിൽ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നും അസാധാരണമായ മുൻകരുതലുകളാണ് ഇത്തവണ ഉണ്ടായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതീവ സുരക്ഷാ മേഖലയായ ഡൽഹി വിമാനത്താവളത്തിൽ വെച്ച് പുരുഷ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റിന് ശ്രമിച്ചിരുന്നെങ്കിൽ അത് വലിയ ബലപ്രയോഗത്തിൽ കലാശിക്കാൻ സാധ്യതയുണ്ടായിരുന്നു.
വിമാനത്തിനുള്ളിലെ സീറ്റുകൾക്കിടയിലുള്ള ഇടുങ്ങിയ സ്ഥലത്ത് റോഡിലെ സമരക്കാരെ മാറ്റുന്നതുപോലെ എളുപ്പത്തിൽ ബലം പ്രയോഗിക്കുക സാധ്യമല്ല. മാത്രമല്ല, വിമാനത്തിനുള്ളിൽ വെച്ച് അത്തരമൊരു നടപടി സ്വീകരിച്ചാൽ അത് പൊലീസിന് വലിയ വിമർശനങ്ങളും വരുത്തിവെക്കുമായിരുന്നു.
എന്നാൽ വനിതാ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ചെറുത്തുനിൽപ്പിന് സിജെപി നേതാക്കൾ തയ്യാറായില്ലെങ്കിലും, കടുത്ത ഭാഷയിൽ അവർ തങ്ങളുടെ നിലപാടുകൾ ചോദ്യം ചെയ്തു. ഒടുവിൽ ഡൽഹി പൊലീസ് ഈ നേതാക്കളെയും കസ്റ്റഡിയിലെടുത്ത് വിമാനത്തിൽ നിന്നും താഴെയിറക്കുകയാണുണ്ടായത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രക്ഷോഭം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത് ജൂലൈ 20 നുണ്ടായ ലാത്തിചാർജിനെ തുടർന്നാണ്. പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥിനികളെ പുരുഷ പൊലീസ് ക്രൂരമായി മർദിച്ചെന്നാരോപിച്ച് സിജെപി പുറത്തുവിട്ട
ചിത്രങ്ങൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. പെൺകുട്ടികളുടെ തലയ്ക്ക് പരിക്കേറ്റതായും വസ്ത്രങ്ങൾ കീറിയതായും ഉയർന്ന ആരോപണങ്ങൾ സമരത്തിന് രാജ്യവ്യാപകമായ പിന്തുണ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
നിയമപരമായി പുരുഷ പൊലീസ് ഉദ്യോഗസ്ഥർ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതും ബലം പ്രയോഗിക്കുന്നതും കുറ്റകരമാണ്. എന്നാൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുന്നതിൽ നിയമപരമായ തടസ്സങ്ങളൊന്നുമില്ല.
ദൃശ്യങ്ങളിൽ ഡസനോളം വനിതാ ഉദ്യോഗസ്ഥർ ചേർന്നാണ് സിജെപി നേതാക്കളെ വിമാനത്തിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നത് വ്യക്തമാകുന്നത്. അതേസമയം, തങ്ങളെ അറസ്റ്റ് ചെയ്യാൻ പുരുഷ പൊലീസിനെ അയക്കണമെന്ന് അഭിജീത് ദിപ്കെയുടെ സുഹൃത്തുക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

