നെയ്യാറ്റിൻകര, മൂന്നാർ, കോവളം, കുമരകം തുടങ്ങി കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വട്ടപ്പാറയിൽ നിന്നും ഇനി ഹെലികോപ്റ്റർ യാത്ര സാധ്യമാകുന്നു. നെടുമങ്ങാട് വട്ടപ്പാറ അമ്പലംനഗറിന് സമീപം ഏഴര ഏക്കർ വിസ്തൃതിയിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹെലിപാഡും വിഐപി ലോഞ്ചും ഒരുക്കിയിരിക്കുന്നത്.
കരകുളം ചിറ്റാഴ ഗവ.എൽപി സ്കൂളിന് സമീപം കോട്ടുക്കോണം വീട്ടിൽ കെ.എൻ.ഗോപകുമാരൻ നായർ (72) ആണ് ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്. വരുന്ന 21ന് രാവിലെ 10 മണിക്ക് മന്ത്രി പി.സി.വിഷ്ണുനാഥ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), തിരുവനന്തപുരം വിമാനത്താവളം എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള മുഴുവൻ അനുമതികളും നേടിയ ശേഷമാണ് ഈ ഹെലിപാഡ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. “ഈ മാസം 22 മുതൽ 10 ദിവസത്തേക്ക് 5–7 മിനിറ്റ് വീതം പറക്കാൻ പ്രത്യേക ഓഫർ നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്” എന്ന് ഗോപകുമാരൻ നായർ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ കോവളം, കുമരകം, മൂന്നാർ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കാണ് സർവീസുകൾ നടത്താൻ ലക്ഷ്യമിടുന്നത്. ഇന്ത്യൻ എയർഫോഴ്സിൽ ഫൈറ്റർ പൈലറ്റ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച വ്യക്തിയാണ് കെ.എൻ.ഗോപകുമാരൻ നായർ.
പിന്നീട് ഹെലികോപ്റ്റർ വിഭാഗത്തിലേക്ക് മാറിയ അദ്ദേഹം, കമാൻഡിങ് ഓഫിസറായിരിക്കെ തമിഴ്നാട്ടിൽ ചീഫ് പൈലറ്റായി ഡപ്യൂട്ടേഷനിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് എയർഫോഴ്സിൽ ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലാണ് അദ്ദേഹം തിരികെയെത്തിയത്.
1998-ൽ സർവീസിൽ നിന്നും സ്വയം വിരമിച്ച ശേഷം പ്രമുഖ സ്വകാര്യ കമ്പനിയിൽ ഹെലികോപ്റ്റർ ചീഫ് പൈലറ്റായും ഡയറക്ടർ ഓപ്പറേഷൻസ് ആയും സേവനം ചെയ്തു. തുടർന്ന് 2006-ൽ സ്വന്തമായി ഹെലികോപ്റ്റർ വാങ്ങി തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ കമ്പനിക്ക് തുടക്കമിട്ടു.
ഇതിന്റെ തുടർച്ചയായി 2009-ൽ തുമ്പി ഏവിയേഷൻ സ്ഥാപിച്ചു. നിലവിൽ സ്വന്തമായി നാലെണ്ണമുൾപ്പെടെ ആകെ 14 ഹെലികോപ്റ്ററുകൾ തങ്ങളുടെ കൈവശമുണ്ടെന്നും വിവിധയിടങ്ങളിൽ വിജയകരമായി സർവീസുകൾ നടത്തിവരുന്നുണ്ടെന്നും ഗോപകുമാരൻ നായർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

