കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ഭാഗമായി നവീകരണം പുരോഗമിക്കുന്ന കവണാറ്റിൻകര പക്ഷിസങ്കേതം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പക്ഷിസങ്കേതത്തിൽ നടന്നു വരുന്ന നിർമാണ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടെത്തി വിലയിരുത്തി.
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെടിഡിസി) കീഴിലുള്ള ഈ പക്ഷിസങ്കേതത്തിൽ 13.5 കോടി രൂപ ചെലവഴിച്ചാണ് വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. നവീകരണ ജോലികൾ വരുന്ന മാസം തന്നെ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പ് നൽകി.
പക്ഷിസങ്കേതത്തോട് ചേർന്ന് പഴവർഗങ്ങളുടെ ഒരു പ്രത്യേക ശേഖരം കൂടി ഒരുക്കണമെന്നും, അവ വലയിട്ട് സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. കണ്ടൽച്ചടികൾ നൽകുന്ന അതേ പ്രാധാന്യത്തോടെ പൂവരശും മറ്റ് വൃക്ഷങ്ങളും ഇവിടെ വച്ചുപിടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രദേശത്തെ ഓക്സിജൻ നില പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ സങ്കേതത്തിൽ ഏർപ്പെടുത്തണമെന്നും, ഓക്സിജന്റെ അളവ് വർധിപ്പിക്കുന്നതിനായി കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സന്ദർശകർക്കായി ഒരുക്കുന്ന വിവിധ സൗകര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
പക്ഷിസങ്കേതത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. കെടിഡിസിയിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മന്ത്രി പക്ഷിസങ്കേതം സന്ദർശിക്കാനെത്തിയത്.
തുടർന്ന് കായൽ തീരത്തുനിന്ന് സ്പീഡ് ബോട്ടിൽ അദ്ദേഹം പാതിരാമണിലേക്ക് യാത്ര തിരിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി സുവശിഷ് ദാസ്, അസിസ്റ്റന്റ് ഡയറക്ടർ നരേന്ദ്രൻ, കെടിഡിസി ജനറൽ മാനേജർ അബി ചന്ദ്രൻ, ജില്ലാ ടൂറിസം ഡപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ഡിടിപിസി സെക്രട്ടറി ആതിര സണ്ണി, ടൂറിസം ഇൻഫർമേഷൻ ഓഫിസർ നിസാർ, പ്രൊജക്ട് ഓഫിസർ സിമി തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

