തിരുവനന്തപുരം വെമ്പായത്തെ ബാറിൽ നടന്ന സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ സംഭവത്തിൽ ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. വെമ്പായം സ്വദേശിയായ നവാസ് ആണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിൽ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു. അതേസമയം, ആക്രമണം നടത്തിയ കേസിലെ പ്രധാന പ്രതി അനീഷ് 50 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സംഭവത്തിന്റെ പശ്ചാത്തലം ബാറിൽ മദ്യപിക്കാനെത്തിയ അനീഷും മറ്റൊരു സംഘവും തമ്മിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ ദാരുണമായ അക്രമസംഭവത്തിൽ കലാശിച്ചത്. തർക്കത്തിന് ശേഷം ബാറിൽ നിന്ന് പുറത്തുപോയ അനീഷ്, അര മണിക്കൂറിന് ശേഷം പെട്രോളുമായി തിരിച്ചെത്തുകയും സോഫയിലിരിക്കുകയായിരുന്നവരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
പെട്ടെന്നുണ്ടായ തീപ്പടർച്ചയിൽ പരിഭ്രാന്തരായ ബാറിലുണ്ടായിരുന്ന മറ്റുള്ളവർ ഉടൻ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തീപിടിത്തത്തിൽ ബാർ പൂർണ്ണമായും കത്തിനശിച്ചു.
വെഞ്ഞാറമൂട്ടിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. പരുക്കേറ്റവർ സംഭവത്തിൽ അനീഷ് (32), അരുൺ (36), നൗഫൽ, റിയാസ്, നവാസ്, ശ്യാം എന്നിവരുൾപ്പെടെ ആറ് പേർക്കാണ് പൊള്ളലേറ്റത്.
പരുക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട
ഇരുസംഘങ്ങളിലുമുള്ളവർക്കെതിരെ നേരത്തെയും വിവിധ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. നിലവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

