സംസ്ഥാന ഭാഗ്യക്കുറിയുടെ വിശ്വാസ്യത ഏറെ വലുതാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. കോട്ടയം കലക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ (ബിആർ 111) ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭാഗ്യക്കുറി വെറുമൊരു വരുമാന മാർഗം മാത്രമല്ല, മറിച്ച് ആയിരക്കണക്കിന് സാധാരണക്കാരുടെ ഉപജീവനമാർഗം കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ് ഈ മേഖലയിലെ സുപ്രധാന കണ്ണികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് ലോട്ടറി നിരോധനം നടപ്പിലാക്കിയ കാലയളവിൽ അനേകം സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായ കാര്യം സ്പീക്കർ പ്രത്യേകം ഓർമ്മിപ്പിച്ചു. ളാക്കാട്ടൂർ സ്വദേശിനിയായ ലോട്ടറി വിൽപനക്കാരി ലൈലാ കുമാരിക്ക് ടിക്കറ്റുകൾ നൽകി സ്പീക്കർ വിതരണോദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കലക്ടർ ചേതൻകുമാർ മീണ ഉൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. നഗരസഭാ അംഗങ്ങളായ ജോഫി മരിയ ജോൺ, അനുഷ കൃഷ്ണ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മുൻ അംഗം ഫിലിപ്പ് ജോസഫ്, ജില്ലാ ഭാഗ്യക്കുറി ഓഫിസർ കെ.പി.മെഹബൂബ്, അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫിസർമാരായ എസ്.ഷാജി, എൻ.ആർ.ശ്രീലേഖ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫിസർ കെ.സിന്ധുമോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലോട്ടറി വിൽപനക്കാരുടെ സംഘടനകളെ പ്രതിനിധീകരിച്ച് ചന്ദ്രിക ഉണ്ണിക്കൃഷ്ണൻ, ടി.എസ്.നിസ്താർ, സിജോ പ്ലാത്തോട്ടം, സന്തോഷ് കല്ലറ, കെ.ജി.ഹരിദാസ്, പി.കെ.ആനന്ദക്കുട്ടൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

