വിപുലമായ തീരദേശവും നിരവധി കായലുകളുമുള്ള കേരളത്തിന് ബ്ലൂ ഇക്കോണമി മേഖലയിൽ വലിയ തോതിലുള്ള വളർച്ചാ സാധ്യതകളാണുള്ളതെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ വ്യക്തമാക്കി. മത്സ്യോത്പാദനം, സംസ്കരണം, പാക്കേജിങ്, ബ്രാൻഡിങ്, കയറ്റുമതി തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണ പ്രസ്ഥാനങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം പവിത്രം കൺവെൻഷൻ സെന്ററിൽ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്) സംഘടിപ്പിച്ച വനിതാ ശാക്തീകരണ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണത്തിലൂടെ സമൃദ്ധി എന്ന സന്ദേശമുയർത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് തന്നെ വ്യവസ്ഥാപിതമായ സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചുതുടങ്ങിയ പ്രദേശങ്ങളാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ 23000-ൽ അധികം സഹകരണ പ്രസ്ഥാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം.
സഹകരണ മേഖലയുടെ ഉന്നമനത്തിനായി എല്ലാവിധ പിന്തുണയും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും, കേരളത്തിന്റെ സഹകരണ മന്ത്രി ഡൽഹിയിലെത്തി ഈ വിഷയത്തിൽ ചർച്ച നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ മേഖലയിലൂടെയുള്ള വിത്ത് വിതരണം, സ്കൂൾ കുട്ടികൾക്കുള്ള നാഫെഡ് കല്യാൺ സ്കോളർഷിപ്പ് വിതരണം, വനിതം ഷീ മാർട്ട് ഉദ്ഘാടനം, ഭാരത് ആട്ട, അരി എന്നിവയുടെ വിതരണോദ്ഘാടനം എന്നിവ കേരളത്തിൽ നേരിട്ടെത്തി നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
സഹകരണ മേഖലയിലൂടെയുള്ള സ്ത്രീശാക്തീകരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന സ്വപ്നങ്ങളിലൊന്നാണ്. രാജ്യത്ത് മികച്ച നിലയിലാണ് നാഫെഡും എൻസിസിഎഫും പ്രവർത്തിക്കുന്നത്.
നാഫെഡുമായി ബന്ധപ്പെട്ട് എട്ട് ലക്ഷം വനിതാ കർഷകരും എൻസിസിഎഫുമായി ബന്ധപ്പെട്ട് ആറ് ലക്ഷം വനിതാ കർഷകരും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്ത് സ്ത്രീകളുടെ തൊഴിൽ ശക്തി 23 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്താൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ പ്രസ്ഥാനം കേരളത്തിന്റെ വികസനത്തിനായി കൈകോർക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് മന്ത്രി എം ലിജു പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ഘടനയുടെ അടിസ്ഥാനശിലയാണ് സഹകരണ പ്രസ്ഥാനങ്ങൾ. നമ്മുടെ ജിഡിപിയുടെ എട്ട് ശതമാനത്തോളം സംഭാവന ചെയ്യുന്നത് സഹകരണ മേഖലയാണ്.
വൈവിധ്യമാർന്ന നമ്മുടെ മേഖലയിൽ 13000-ൽ അധികം സഹകരണ സ്ഥാപനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഡിജിറ്റൽ സംവിധാനങ്ങളിലേക്കുള്ള മാറ്റം, സുതാര്യത, പ്രൊഫഷണൽ നേതൃത്വം എന്നിവയാണ് കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് ഇനി അനിവാര്യമായിട്ടുള്ളതെന്നും, കേരളത്തിന്റെ സഹകരണ മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സഹകരണ മേഖലയിൽ ശക്തമായ മുന്നേറ്റം ലക്ഷ്യമിട്ടുള്ള ഇടപെടലുകളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രി പി.സി. വിഷ്ണുനാഥ്, എൻ.കെ.
പ്രേമചന്ദ്രൻ എംപി, രാജീവ് ചന്ദ്രശേഖർ എംഎൽഎ, എൻസിസിഎഫ് ചെയർമാൻ വിശാൽ സിങ്, മാനേജിങ് ഡയറക്ടർ ആനി ജോസഫ് ചന്ദ്ര എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന്റെ ഭാഗമായി നിരവധി പദ്ധതികളുടെ ഉദ്ഘാടനവും വിതരണവും കേന്ദ്ര മന്ത്രി നിർവഹിച്ചു.
കിലോയ്ക്ക് 35 രൂപ നിരക്കിൽ സബ്സിഡിയോടെ സവാള ലഭ്യമാക്കുന്ന എൻസിസിഎഫ്, നാഫെഡ് മൊബൈൽ വാനുകളുടെ ഫ്ലാഗ് ഓഫ് കർമ്മം അദ്ദേഹം നിർവഹിച്ചു. കൂടാതെ എൻസിസിഎഫ് ജനറൽ ഉത്പന്നങ്ങളുടെ ഉദ്ഘാടനം, വനിതം ഷീ മാർട്ട് ഷോപ്പുകളുടെ ഉദ്ഘാടനം, ‘ഭാരത് ആട്ട’, ‘ഭാരത് ചാവൽ’ എന്നിവയുടെ ആദ്യ വിൽപന, നാഫെഡ് കല്യാൺ സ്കോളർഷിപ്പ് പദ്ധതി ചെക്കുകളുടെ വിതരണം, ആത്മനിർഭർ ഭാരത് മിഷന്റെ ഭാഗമായ പയർവർഗ വിത്ത് കിറ്റുകളുടെ വിതരണം എന്നിവയും നടന്നു.
എൻസിസിഎഫിനെക്കുറിച്ചും വനിതാ ശ്രീ മാർട്ട് ഷോപ്പിനെക്കുറിച്ചുമുള്ള ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

