ദേശീയപാത 183-നെയും 66-നെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട കോട്ടയം– എറണാകുളം ഇടനാഴിക്ക് ദേശീയപാത പദവി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് നാഷനൽ ഹൈവേ അതോറിറ്റിയുമായി (എൻഎച്ച്എഐ) പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. പദ്ധതിയുടെ തുടർനടപടികൾക്കായി ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ യോഗം ചേരും.
ഇതിനു മുന്നോടിയായി പൊതുമരാമത്ത് അടക്കമുള്ള വിവിധ വകുപ്പുകളോട് ആവശ്യമായ രേഖകളും പദ്ധതി റിപ്പോർട്ടുകളും തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ കരട് രൂപരേഖ പ്രകാരം, കോട്ടയം മുളങ്കുഴയിൽ ദേശീയപാത 183-ൽ നിന്ന് ആരംഭിച്ച് തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപമുള്ള കുണ്ടന്നൂർ– അങ്കമാലി ബൈപാസിലാണ് പാത അവസാനിക്കുക.
ഈ നിർദേശം കെ.ഫ്രാൻസിസ് ജോർജ് എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നേരിട്ട് സമർപ്പിച്ചിരുന്നു. പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.
എംപിമാരുടെ യോഗത്തിൽ കെ.ഫ്രാൻസിസ് ജോർജ് ഈ വിഷയം ഉന്നയിക്കുകയും, ഇതിന് മുഖ്യമന്ത്രി വി.ഡി.സതീശൻ പൂർണ പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. പദ്ധതി ദേശീയപാതയായി പ്രഖ്യാപിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ഔദ്യോഗിക ശുപാർശ സമർപ്പിക്കേണ്ടതുണ്ട്.
പദ്ധതിയുടെ പ്രത്യേകതകൾ
ഏകദേശം 60 കിലോമീറ്റർ നീളമുള്ള ഈ അതിവേഗ പാത യാഥാർഥ്യമാകുന്നതോടെ കോട്ടയം – എറണാകുളം യാത്രാസമയം ഒരു മണിക്കൂറായി കുറയും. പാതയുടെ ഭൂരിഭാഗവും തൂണുകളിലൂടെ (Elevated Highway) നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
കോട്ടയത്ത് തുടങ്ങി കുമരകം, തോട്ടകം, ഉദയനാപുരം, പൂത്തോട്ട, പുതിയകാവ് വഴി തൃപ്പൂണിത്തുറയിൽ എത്തുന്ന രീതിയിലാണ് പാതയുടെ രൂപകൽപ്പന. പൂർണമായും പുതിയ റോഡായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി എൻഎച്ച്എഐ ഏറ്റെടുക്കുന്നതോടെ നിർമാണ ചെലവ് പൂർണമായും കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാകും.
മധ്യകേരളത്തിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് ഈ ഇടനാഴി വഴിയൊരുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

