മൂന്നാർ പഞ്ചായത്ത് ഓഫിസിൽനിന്ന് നിർണായകമായ 24 റജിസ്റ്ററുകൾ കാണാതായ സംഭവത്തിൽ നടക്കുന്ന പൊലീസ് അന്വേഷണം ഉന്നത രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് അട്ടിമറിക്കപ്പെട്ടതായി ആക്ഷേപം. പഞ്ചായത്തിലെ 1, 2, 3, 4, 6, 7, 8, 9, 10, 11, 12, 14, 16, 17, 18, 19 എന്നീ വാർഡുകളിലെ കെട്ടിടങ്ങളുടെ വിവരങ്ങൾ അടങ്ങിയ മൂല്യനിർണയ റജിസ്റ്ററുകളാണ് കാണാതായിരിക്കുന്നത്.
2024 സെപ്റ്റംബർ 9-ന് പുതിയ ഉദ്യോഗസ്ഥൻ ചുമതലയേറ്റ വേളയിൽ നടന്ന ഫയൽ കൈമാറ്റത്തിനിടയിലാണ് തന്ത്രപ്രധാനമായ ഈ രേഖകൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും വ്യാപകമായ മൂന്നാർ ടൗൺ, ഇക്കാ നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ റജിസ്റ്ററുകളാണ് ഇത്തരത്തിൽ അപ്രത്യക്ഷമായത്. പഴയ കെട്ടിട
നമ്പറുകൾ ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ അടങ്ങിയ ഈ റജിസ്റ്ററുകൾ നഷ്ടപ്പെട്ടതോടെ, അനധികൃത നിർമാണങ്ങൾക്ക് നിയമസാധുത നൽകാനുള്ള ശ്രമം നടന്നതായി ആരോപണമുണ്ട്. ഈ രേഖകൾ ഉപയോഗിച്ച് മൂന്നൂറിലധികം റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് പഞ്ചായത്തിൽനിന്ന് അനധികൃതമായി കെട്ടിട
നമ്പർ ലഭിച്ചതായാണ് സൂചന. സംഭവത്തിൽ 2024 സെപ്റ്റംബറിൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി മൂന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ റജിസ്റ്ററുകൾ നഷ്ടപ്പെട്ട കാലയളവോ, എത്ര കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ നമ്പർ നൽകി നികുതി ഈടാക്കി എന്നോ ഉള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ പൊലീസ് തയാറായിട്ടില്ല.
പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ചില ജനപ്രതിനിധികളും ചേർന്ന് വൻകിട കെട്ടിട
ഉടമകളെ സഹായിക്കുന്നതിനായി കോടികളുടെ ഇടപാട് നടത്തിയതായും ഇതിന്റെ മറവിലാണ് റജിസ്റ്ററുകൾ അപ്രത്യക്ഷമാക്കിയതെന്നും വിമർശനം ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

