മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച വാരാന്ത്യ പതിപ്പിലെ വിവാദങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കുടുംബം രംഗത്ത്. അനാവശ്യമായ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് വിഎസിന്റെ മകൻ വി എ അരുൺകുമാർ പ്രതികരിച്ചു.
പത്രപ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങൾക്കിടെ വി എസ് അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വാരാന്ത്യ പതിപ്പ് പുറത്തിറങ്ങി.
‘മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം’ എന്ന തലക്കെട്ടിൽ വിഎസിന്റെ മുൻ പ്രസ് സെക്രട്ടറി കെവി സുധാകരൻ ഉൾപ്പെടെയുള്ളവർ തയ്യാറാക്കിയ ലേഖനങ്ങളാണ് കവർസ്റ്റോറിയായി നൽകിയിരിക്കുന്നത്. നേരത്തെ, വാരാന്ത്യ പതിപ്പിന്റെ വിതരണം മുടങ്ങിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
നാടക പ്രവർത്തകനായ കള്ളൻ വിജയനെ കുറിച്ചുള്ള ഒരു ലേഖനത്തെ ചൊല്ലി എഡിറ്റോറിയൽ വിഭാഗത്തിൽ ഉടലെടുത്ത തർക്കമാണ് പതിപ്പ് പുറത്തിറങ്ങുന്നത് വൈകാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇന്ന് പുറത്തിറങ്ങിയ പതിപ്പിൽ വിവാദമായ ആ ലേഖനം ഉൾപ്പെടുത്തിയിട്ടില്ല.
ഈ വിഷയത്തിൽ പ്രതികരണവുമായി കള്ളൻ വിജയൻ വീണ്ടും രംഗത്തെത്തി. ലേഖകൻ തന്നെ നേരിൽ വന്ന് കണ്ടിരുന്നുവെന്നും, താൻ പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലേഖനം എപ്പോൾ പ്രസിദ്ധീകരിക്കണം എന്നത് പത്രത്തിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു റെസിഡന്റ് എഡിറ്റർ എം സ്വരാജ് നൽകിയ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

