നീലേശ്വരം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി സ്വീകരിച്ച പുതിയ നിലപാട് പ്രദേശവാസികളിൽ വലിയ പ്രതീക്ഷ ഉണർത്തുന്നു. നേരത്തെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്ത ചെറുവത്തൂർ കാര്യങ്കോട് പാലത്തിന് സമീപമുള്ള 600 മീറ്റർ റോഡ് പൊളിച്ച് തൂണുകളോടുകൂടിയ പാത നിർമിക്കാൻ അതോറിറ്റി ആലോചിക്കുന്നതാണ് പുതിയ നീക്കം.
കാര്യങ്കോട് പുഴയോട് ചേർന്നുള്ള മയിച്ച മേഖലയുടെ സമാനമായ ഭൂപ്രകൃതിയാണ് നീലേശ്വരം മാർക്കറ്റ് ജംക്ഷനിലും ഉള്ളത് എന്ന കണ്ടെത്തലാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. കഴിഞ്ഞ മാസം നടന്ന മണ്ണുപരിശോധനയിൽ നീലേശ്വരം മാർക്കറ്റ് ജംക്ഷനിലെ ഉപരിതലത്തിൽ നിന്ന് 15 മീറ്റർ ആഴം വരെ മണലാണെന്നും, അതിനടിയിൽ ഉയർന്ന ജലാംശമുള്ള മൃദുവായ കളിമണ്ണാണെന്നും കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിൽ, വെള്ളത്തിന്റെ അംശം കൂടുതലായുള്ള ഇവിടെ എംബാങ്ക്മെന്റ് രീതിയിലുള്ള നിർമാണം അശാസ്ത്രീയമാണെന്ന വിലയിരുത്തൽ ശക്തമാണ്. അതേസമയം, നീലേശ്വരം നെടുങ്കണ്ടം ഭാഗത്ത് പുഴയോരത്തെ ചാലുകൾ കരാർ കമ്പനി മണ്ണിട്ടു നികത്തിയ സംഭവത്തിൽ സംസ്ഥാന മരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ഹരീഷ് വാസുദേവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ദേശീയപാതയുടെ നിലവിലെ നിർമാണ രീതിക്കെതിരെ ജനകീയ പ്രതിഷേധങ്ങളും ശക്തമാണ്. എംബാങ്ക്മെന്റ് നിർമാണം പ്രദേശത്തിന് അനുയോജ്യമല്ലെന്ന് തെളിയിക്കുന്നതിനായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് നീലേശ്വരം നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി വ്യക്തമാക്കി.
എലിവേറ്റഡ് ബ്രിജ് വേണമെന്ന ആവശ്യം ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 120 ദിവസമായി സമരം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

