പാലക്കാട് ആലത്തൂരിൽ നടന്ന വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ആറരയോടെ ദേശീയപാതയിലെ കിണ്ടിമുക്ക് മേൽപ്പാലത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്.
പെരുമ്പാവൂർ കാനാംപുറം വീട്ടിൽ ആഷിഖ് (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെരുമ്പാവൂർ മുടിക്കൽ മറ്റത്തിൽ വീട്ടിൽ ഫാസിൽ (17) നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊല്ലങ്കോട്ടെ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ മത്സരം കണ്ടതിനുശേഷമാണ് ഇവർ യാത്ര തിരിച്ചത്.
യാത്രയ്ക്കിടെ ഗൂഗിൾ മാപ്പ് പിന്തുടരുന്നതിനിടയിൽ വഴിതെറ്റി ഇവർ വാളയാറിലെത്തിയിരുന്നു. അവിടെനിന്നും തിരികെ പെരുമ്പാവൂരിലേക്ക് മടങ്ങുന്നതിനിടെയാണ് കിണ്ടിമുക്ക് മേൽപ്പാലത്തിൽ വെച്ച് അമിതവേഗതയിലെത്തിയ അന്തർസംസ്ഥാന സ്വകാര്യ ബസ് ഇവരുടെ സ്കൂട്ടറിന് പിന്നിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ പിന്നിലിരുന്ന ഫാസിൽ തെറിച്ചു വീഴുകയും, സ്കൂട്ടർ ഓടിച്ചിരുന്ന ആഷിഖിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ ആഷിഖ് മരണപ്പെട്ടു.
പരിക്കേറ്റ ഫാസിലിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ ബസ് ഡ്രൈവർ തമിഴ്നാട് തഞ്ചാവൂർ പാപനാശം ഉമയാൾപുരം സ്വദേശി രാജ് കുമാർ (36)-നെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്ലസ് ടു പഠനം പൂർത്തിയാക്കി തുടർവിദ്യാഭ്യാസത്തിനായി കാത്തിരിക്കുകയായിരുന്നു ആഷിഖ്. പള്ളിക്കവലയിലെ ഷൈൻ സ്റ്റാർ ഫുട്ബോൾ ക്ലബ് അംഗം കൂടിയായിരുന്നു മരിച്ച ആഷിഖ്.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിക്കുകയും തുടർന്ന് കബറടക്കം നിർവഹിക്കുകയും ചെയ്തു. ഷെറീനയാണ് മാതാവ്.
അബൂബക്കർ (അബൂട്ടി), ഹാഫിസ് എന്നിവർ സഹോദരങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

