ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട
വിവാദങ്ങൾക്കിടെ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതുമായി ബന്ധപ്പെട്ട് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുടെ ഓഫിസിൽ സമർപ്പിച്ച കത്തിന് പിന്നാലെ, കൂടിക്കാഴ്ചയ്ക്കായി സമയം അനുവദിച്ചുകൊണ്ട് ഓഫിസിൽ നിന്ന് അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
തിരുവനന്തപുരത്ത് വെച്ച് ഇന്ന് ഉച്ചമുതൽ നാളെ വരെയുള്ള സമയത്തിനുള്ളിൽ കൂടിക്കാഴ്ച നടക്കും. നേരത്തെ, ഗവ.
പ്ലീഡർ നിയമനത്തിൽ എസ്എഫ്ഐ, എബിവിപി പശ്ചാത്തലമുള്ളവരെ പരിഗണിച്ചുവെന്ന് ആരോപിച്ച് അലോഷ്യസ് സേവ്യർ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സമർപ്പിച്ച പട്ടികയിലാണ് ഇവരുടെ പേരുകൾ ഉൾപ്പെട്ടിരുന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തിരിച്ചടിച്ചു.
സർക്കാർ നിയമനങ്ങളിൽ കെഎസ്യു ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഒരു പൊതുചടങ്ങിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയെങ്കിലും, മുഖ്യമന്ത്രി അലോഷ്യസിനെ ശ്രദ്ധിക്കാതെ കടന്നുപോയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു.
പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ കൂടിക്കാഴ്ചയ്ക്കുള്ള സാഹചര്യമൊരുങ്ങിയിരിക്കുന്നത്. നിയമന വിഷയത്തിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെങ്കിലും, ഈ കൂടിക്കാഴ്ചയോടെ നിലവിലെ വിവാദങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

