ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ബന്ധുക്കൾ അറസ്റ്റിലായി. അരുവിളംചാൽ സ്വദേശിയായ മണികണ്ഠനെയാണ് പ്രതികൾ ക്രൂരമായി ആക്രമിച്ചത്.
അവിഹിത ബന്ധം ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചറയിൽ താമസിക്കുന്ന നിതീഷ് കുമാർ, ഇയാളുടെ ഭാര്യയുടെ സഹോദരന്മാരായ മഹേഷ്, അശ്വിൻ എന്നിവരെയാണ് ഉടുമ്പൻചോല പോലീസ് പിടികൂടിയത്.
മാൻകുത്തിമേട്ടിലെ ഒരു ഷെഡിലേക്ക് വിളിച്ചു വരുത്തിയ ശേഷം നിതീഷ് കുമാർ മണികണ്ഠന്റെ ഇടതു കൈക്ക് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മഹേഷും അശ്വിനും വടികൊണ്ട് മർദ്ദിച്ചതായും മണികണ്ഠൻ നൽകിയ മൊഴിയിൽ പറയുന്നു.
ആക്രമണത്തിന് ശേഷം പരിക്കേറ്റ മണികണ്ഠനെ സ്വന്തം ജീപ്പിന്റെ പിറകിൽ കിടത്തി, തേവാരംമെട്ടിന് സമീപമുള്ള ഇറക്കത്തിൽ വാഹനം ന്യൂട്രലാക്കി കൊക്കയിലേക്ക് തള്ളിയിടാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ, വാഹനം ഒരു മരത്തിൽ ഇടിച്ചു നിന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
രാവിലെ ഇതുവഴിയെത്തിയ നാട്ടുകാരാണ് വാഹനം അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി പോലീസിനെ വിവരമറിയിച്ചത്.
ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തറിയുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളേജിലും പ്രാഥമിക ചികിത്സ നൽകിയ ശേഷം മണികണ്ഠനെ വിദഗ്ധ ചികിത്സയ്ക്കായി മധുര മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

