എന്റർപ്രൈസ് സ്ഥാപനങ്ങളിലും കോർപ്പറേറ്റ് രംഗങ്ങളിലും മൈക്രോസോഫ്റ്റ് വേർഡിന്റെ അത്രയും ആധിപത്യം ഗൂഗിൾ ഡോക്സിനില്ലെങ്കിലും, സാധാരണ ഉപയോക്താക്കൾക്കിടയിൽ ഇതിന് വലിയ സ്വീകാര്യതയുണ്ട്. അടിസ്ഥാനപരമായ ചില ആവശ്യങ്ങൾക്ക് പോലും ചിലപ്പോൾ ഇത് അപര്യാപ്തമാണെങ്കിലും, ഒട്ടനവധി പേർ ദിവസേന ഗൂഗിൾ ഡോക്സ് ഉപയോഗിക്കുന്നുണ്ട്.
എന്നാൽ, ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന പുതിയ ഫയൽ പിന്തുണ ഒടുവിൽ സാങ്കേതിക ഭീമനായ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നു. ഗൂഗിൾ വർക്ക്സ്പേസ് അപ്ഡേറ്റ്സ് വെബ്സൈറ്റിലൂടെയാണ് ഗൂഗിൾ ഡോക്സിൽ മാർക്ക്ഡൗൺ (.md അല്ലെങ്കിൽ .markdown) ഫയലുകൾക്കായുള്ള നേടീവ് പിന്തുണ കമ്പനി പ്രഖ്യാപിച്ചത്.
റെഡ്ഡിറ്റിലും കമ്പനിയുടെ സ്വന്തം സപ്പോർട്ട് ഫോറത്തിലും ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട സവിശേഷതകളിൽ ഒന്നാണിത്.
പ്രോട്ടോൺ ഡോക്സ് പോലുള്ള ഇതര സംവിധാനങ്ങൾ രണ്ടു വർഷത്തിലേറെയായി മാർക്ക്ഡൗൺ ഫയൽ പിന്തുണ നൽകുന്നുണ്ടെന്നിരിക്കെ, ഗൂഗിളിന്റെ ഈ പുതിയ നീക്കം ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഗൂഗിൾ ഡോക്സിലെ മാർക്ക്ഡൗൺ ഫയൽ പിന്തുണ എന്തർത്ഥമാക്കുന്നു? ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ളതുപോലെ, ഗൂഗിൾ ഡോക്സ് ഉപയോക്താക്കൾക്ക് ഇനി മാർക്ക്ഡൗൺ ഫയലുകൾ നേരിട്ട് കാണാനും എഡിറ്റ് ചെയ്യാനും ഒപ്പം അവയിൽ സഹകരിച്ച് പ്രവർത്തിക്കാനും സാധിക്കും.
അതുമാത്രമല്ല, ഗൂഗിൾ ഡ്രൈവിൽ റെൻഡർ ചെയ്ത പ്രിവ്യൂകൾ കാണാൻ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. മാർക്ക്ഡൗൺ പിന്തുണ നിലവിൽ വരുന്നതിന് മുൻപ്, ഉപയോക്താക്കൾ ഇത്തരം ഫയലുകൾ ഡോക് ഫോർമാറ്റിലേക്ക് ഇറക്കുമതി ചെയ്യുകയും കൺവേർട്ട് ചെയ്യുകയും ചെയ്യേണ്ടിയിരുന്നു.
എന്നാൽ ഇത് ഫയൽ ഫോർമാറ്റിംഗിൽ മാറ്റങ്ങൾ വരുത്താൻ ഇടയാക്കിയിരുന്നു. പലപ്പോഴും കമന്റുകൾ നഷ്ടപ്പെടുകയും ഫയലുകൾ ചിതറിപ്പോവുകയും ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു.
ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഇനി പരിഹാരമാകും. ഗൂഗിൾ ഡോക്സിൽ നിങ്ങൾക്ക് മാർക്ക്ഡൗൺ ഫയലുകൾ ഇനി നേരിട്ട് കൈകാര്യം ചെയ്യാം.
ഫയൽ തരം മാറ്റുകയോ എക്സ്റ്റൻഷനുകൾ ഉപയോഗിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.
ഒരു .md ഫയൽ ഡോക്സിൽ തുറന്ന്, ഒറിജിനൽ ഘടന നിലനിർത്തിക്കൊണ്ടുതന്നെ മാറ്റങ്ങൾ വരുത്താം. ഉദാഹരണത്തിന് ഒബ്സിഡിയനിൽ ഫോർമാറ്റ് ചെയ്ത ഡോക്യുമെന്റുകൾ ഇനി ഗൂഗിൾ ഡോക്സിലേക്ക് നേരിട്ട് കൊണ്ടുവരാൻ സാധിക്കും.
ഈ സൗകര്യം വർക്ക്സ്പേസ് ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ പക്കൽ വ്യക്തിഗത ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിലും മാർക്ക്ഡൗൺ ഫയലുകൾ നേരിട്ട് കാണാനും എഡിറ്റ് ചെയ്യാനും സാധിക്കും.
ഇതിന്റെ റോൾ ഔട്ട് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എങ്കിലും എല്ലാ ഉപയോക്താക്കളിലേക്കും എത്തുവാൻ 15 ദിവസത്തോളം സമയം എടുത്തേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

