ന്യൂഡൽഹി: യുഎസിലെ പ്രമുഖമായ ‘എപ്സ്റ്റീൻ ഫയൽസ്’ വിവാദത്തിൽ പ്രതിസന്ധിയിലായ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് തിരിച്ചടി. മന്ത്രിയുടെ രാജി പ്രതിപക്ഷം കഴിഞ്ഞ കുറെ മാസങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, മറ്റൊരു രീതിയിലാണ് ഇപ്പോൾ മാറ്റത്തിനുള്ള കളമൊരുങ്ങുന്നത്.
ഉത്തരപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായ പുരിക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതിലൂടെ, പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങിയല്ലെന്ന് അവകാശപ്പെടാവുന്ന രീതിയിൽ ബിജെപി അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നു ഒഴിവാക്കുകയാണ്. ഒന്നാം മോദി മന്ത്രിസഭയിൽ 2017 സെപ്റ്റംബറിൽ സഹമന്ത്രിയായി ചുമതലയേറ്റ പുരി, 2018 ജനുവരിയിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
യുപിയിൽനിന്ന് രാജ്യസഭയിലെത്തിയ മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായപ്പോൾ വന്ന ഒഴിവിൽ രണ്ട് വർഷത്തേക്കാണ് അദ്ദേഹത്തിന് സഭാംഗത്വം ലഭിച്ചത്. ഇതിനിടയിൽ 2019 ൽ അമൃത് സറിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയുണ്ടായി.
തുടർന്ന് 2020 നവംബറിൽ വീണ്ടും യുപിയിൽനിന്ന് രാജ്യസഭയിലെത്തുകയും 2021 ൽ ക്യാബിനറ്റ് മന്ത്രിയായി ഉയർത്തപ്പെടുകയും ചെയ്തു. അടുത്ത മാസം 25 വരെ രാജ്യസഭയിൽ കാലാവധിയുള്ള പുരി എപ്പോൾവരെ മന്ത്രിയായി തുടരുമെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.
എപ്സ്റ്റീൻ വിവാദത്തിനു പുറമേ, പെട്രോളിയം വിലക്കയറ്റ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ ഫലപ്രദമായില്ലെന്ന പേരിലും അദ്ദേഹം കടുത്ത വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. യുപിയിലെ രാജ്യസഭാ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്ന മറ്റൊരു കേന്ദ്ര മന്ത്രിയായ ബി.എൽ.വർമ 2021 ലാണ് മന്ത്രിസഭയിലെത്തിയത്.
വർമ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് നിലവിലെ സൂചനകൾ. സഹമന്ത്രിമാരായിരുന്ന രവ്നീത് സിങ് ബിട്ടുവിനെയും ജോർജ് കുര്യനെയും രാജ്യസഭാകാലാവധി കഴിഞ്ഞതോടെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയത് ഏതാനും മാസം മുൻപാണ്.
വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ജുലൈയിലാണ് രാജിവച്ചത്. ബിട്ടുവിനും ജോർജ് കുര്യനും പിന്നാലെ പുരിയും ഒഴിവാക്കപ്പെടുന്നതോടെ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് മന്ത്രിസഭയിൽ ബാക്കിയുള്ളത് ബുദ്ധമതക്കാരായ കിരൺ റിജിജുവും രാംദാസ് അഡോളെയുമാണ്.
അതിനിടെ, മൂന്നാമത്തെ സ്ഥാനാർഥിയെ പ്രഖ്യാപിക്കണമോയെന്ന കാര്യത്തിൽ സമാജ്വാദി പാർട്ടി ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. രണ്ട് സ്ഥാനാർഥികൾക്കു ജയിക്കാനുള്ളതിനു പുറമേ 27 വോട്ടുള്ള സമാജ്വാദി പാർട്ടിക്ക് 5 വോട്ടെങ്കിലും ബിജെപിപക്ഷത്തു നിന്നു ലഭിച്ചാലേ മൂന്നാം സ്ഥാനാർഥിയെ ജയിപ്പിക്കാനാവൂ.
ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളിൽനിന്നൊരാളെ സ്ഥാനാർഥിയാക്കുകയും പരാജയപ്പെടുകയും ചെയ്താൽ അത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

