ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരം ലയണൽ മെസി തന്നെയാണെന്ന് സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. മെസിയുടെ പ്രതിഭയെച്ചൊല്ലി ഇനി യാതൊരുവിധ തർക്കങ്ങൾക്കും പ്രസക്തിയില്ലെന്നും, ഓരോ മത്സരത്തിലൂടെയും തൻ്റെ മഹത്വം അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും യമാൽ അഭിപ്രായപ്പെട്ടു.
“ഓരോ മത്സരത്തിലും താനാണ് ചരിത്രത്തിലെ ഏറ്റവും മികച്ചവനെന്ന് മെസി വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ആർക്കെങ്കിലും അതിൽ സംശയമുണ്ടെങ്കിൽ അവർ മനപൂർവ്വം കുറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്.
അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഇതൊക്കെയാണെങ്കിലും എന്റെ എക്കാലത്തെയും വലിയ റോള്‍ മോഡല്‍ നെയ്മർ ആണ്” എന്ന് യമാല്‍ ആർടിവിഇയോട് പറഞ്ഞു.
ലോകകപ്പിൽ അർജന്റീനയ്ക്കായി മെസി അള്‍ജീരിക്കെതിരായ മത്സരത്തിൽ ഹാട്രിക് നേടിയ പശ്ചാത്തലത്തിലാണ് താരത്തിൻ്റെ ഈ പ്രതികരണം. ഈ നേട്ടത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പം മെസി എത്തിയിരിക്കുകയാണ്.
കൂടാതെ, ലോകകപ്പിൽ ഒന്നിലധികം ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം (38 വയസ്സും 357 ദിവസവും) എന്ന റെക്കോർഡും മെസി സ്വന്തമാക്കി. അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരം എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പവും മെസിക്ക് എത്തിച്ചേരാൻ കഴിഞ്ഞു.
ഹാംസ്ട്രിങ് പരിക്കിനെത്തുടർന്ന് രണ്ട് മാസത്തോളമായി കളിക്കളത്തിന് പുറത്തായിരുന്ന ലാമിൻ യമാൽ നിലവിൽ തിരിച്ചുവരവിൻ്റെ പാതയിലാണ്. കേപ് വെർദെയ്ക്കെതിരായ മത്സരത്തിൽ 25 മിനിറ്റ് മാത്രമാണ് യമാൽ പന്ത് തട്ടിയത്.
ഞായറാഴ്ച സൗദി അറേബ്യക്കെതിരെ നടക്കുന്ന മത്സരത്തിലും യമാൽ മുഴുവൻ സമയം കളിക്കാൻ സാധ്യത കുറവാണ്. തൻ്റെ ഫിറ്റ്നസ് നിലവാരത്തെക്കുറിച്ച് യമാൽ പ്രതികരിച്ചത് ഇങ്ങനെ: “ഞാൻ ഇപ്പോൾ സുഖമായിരിക്കുന്നു, പക്ഷേ ഒരു മുഴുവൻ മത്സരം കളിക്കാനുള്ള സമയമായിട്ടില്ല.
അനാവശ്യമായ സമ്മർദ്ദം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോച്ച് എത്ര മിനിറ്റ് കളിക്കാൻ ആവശ്യപ്പെടുന്നോ അത്രയും നേരം ഞാൻ മൈതാനത്തുണ്ടാകും.
90 മിനിറ്റ് കളിക്കാൻ കഴിയില്ലെന്ന് ബോധ്യമുണ്ടെങ്കിലും മൈതാനത്തിറങ്ങി ടീമിനെ സഹായിക്കാൻ തന്നെയാണ് എന്റെ ആഗ്രഹം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

