സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് പ്രേമലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയാകെ ശ്രദ്ധേയയായ നടിയാണ് മമിത ബൈജു. നിലവിൽ തമിഴ് സൂപ്പർതാരങ്ങളായ വിജയ്, സൂര്യ എന്നിവർക്കൊപ്പം അഭിനയിക്കാനുള്ള അവസരവും താരം സ്വന്തമാക്കിക്കഴിഞ്ഞു.
സൂര്യ നായകനായി എത്തുന്ന വിശ്വനാഥ് & സൺസ് എന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുമ്പോഴാണ് വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്. ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെ, അതിന്റെ പോസ്റ്ററിൽ നായികയായ മമിത ബൈജുവിന്റെ പേര് ഉൾപ്പെടുത്താത്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
നടിയും മോഡലുമായ സനം ഷെട്ടി ഈ വിഷയത്തിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്ററിൽ നായകൻ സൂര്യ, സംഗീത സംവിധായകൻ ജി.വി.
പ്രകാശ് കുമാർ, സംവിധായകൻ വെങ്കി അറ്റ്ലൂരി, നിർമ്മാതാക്കളായ നാഗ വംശി, സായ് സൗജന്യ എന്നിവരുടെ പേരുകൾ വ്യക്തമായി നൽകിയിട്ടും നായികയുടെ പേര് മാത്രം ഒഴിവാക്കിയതിനെതിരെയാണ് സനത്തിന്റെ വിമർശനം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അവർ പങ്കുവെച്ച കുറിപ്പിൽ ഇങ്ങനെ പറയുന്നു: “പ്രധാന നായികയുടെ പേര് പോസ്റ്ററിൽ പരാമർശിക്കാൻ നിർമ്മാതാക്കളെ തടയുന്നത് എന്താണ്? അവരുടെ പേരൊഴികെ മറ്റെല്ലാ പ്രധാന പേരുകളും പോസ്റ്ററിൽ പരാമർശിച്ചിരിക്കുന്നു!
ഇത് അന്യായമാണ്, ഈ പ്രവണത മാറ്റാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. തന്റെ കഴിവ് കൊണ്ട് ഇതനകം തന്നെ മമിത തന്റേതായൊരു പേര് സമ്പാദിച്ചു കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടാണ് ഇത്രയും വലിയ സിനിമയിൽ അവരെ കാസ്റ്റ് ചെയ്തത്. പക്ഷേ, അവർ ഒരു പുതുമുഖമായിരുന്നെങ്കിൽ പോലും എല്ലായിടത്തും തുല്യമായ ക്രെഡിറ്റുകൾ ലഭിക്കാൻ അർഹയാണ്.
സിനിമാ വ്യവസായം വികസിക്കേണ്ടതുണ്ട്. മാറ്റം അനിവാര്യമാണ്!” തന്റെ ഈ വിമർശനം നായകനായ സൂര്യയ്ക്കോ ഈ സിനിമയ്ക്ക് മാത്രമായോ ഉള്ളതല്ലെന്നും, മറിച്ച് തമിഴ്, തെലുങ്ക് തുടങ്ങിയ ഇന്ത്യൻ സിനിമാ വ്യവസായങ്ങളിൽ കാലങ്ങളായി നിലനിൽക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെയാണെന്നും സനം ഷെട്ടി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

