തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനുള്ളിൽ ഒരു വിഭാഗം കെഎസ്യു പ്രവർത്തകർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകാൻ ഡിസിസി തീരുമാനം. പാർട്ടി ഓഫീസിനകത്തുണ്ടായ ഗുരുതരമായ ഈ അച്ചടക്കലംഘനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സംഘടനാ ചുമതലയുള്ള രണ്ട് ഡിസിസി ജനറൽ സെക്രട്ടറിമാരെ പ്രത്യേക കമ്മീഷനായി നിയോഗിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ കെ ബാബു, അഡ്വക്കേറ്റ് വി സുരേഷ് കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സമിതിയോട് രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തൃശൂർ ഡിസിസി ഓഫീസിൽ വച്ച് ഒരു വിഭാഗം കെഎസ്യു പ്രവർത്തകർ ജില്ലാ പ്രസിഡന്റിനെതിരെ പരസ്യമായി രംഗത്തെത്തുകയും ഭീഷണിപ്പെടുത്തുന്ന രീതിയിൽ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തത്.
സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളുടെ തുടർച്ചയായാണ് ഈ സംഭവമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടി അച്ചടക്കം ലംഘിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിലാണ് അടിയന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്.
സമർപ്പിക്കപ്പെടുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റക്കാർക്കെതിരെയുള്ള തുടർനടപടികൾ സ്വീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

