സ്പെയിനിലെ ബാർസിലോണയിൽ സ്ഥിതി ചെയ്യുന്ന സാഗ്രഡ ഫാമിലിയ ബസിലിക്ക (Basilica of the Sagrada Familia) ലോക വാസ്തുവിദ്യയിലെ ഒരു അത്ഭുതമാണ്. 1882-ൽ നിർമ്മാണം ആരംഭിച്ച ഈ ബസിലിക്കയുടെ പണി ഇന്നും പൂർത്തിയായിട്ടില്ല എന്നത് ലോകത്തെ ഏറ്റവും കൗതുകകരമായ വസ്തുതകളിലൊന്നാണ്.
144 വർഷങ്ങൾക്കിപ്പുറവും നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്ന ഈ ബസിലിക്ക ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ജീസസ് ക്രൈസ്റ്റ് ടവർ (Jesus Christ Tower) പൂർത്തിയായതോടെയാണ്. ഈ ഗോപുരത്തിന്റെ പൂർത്തീകരണത്തെത്തുടർന്ന് ഇവിടെ പ്രത്യേക കുർബാന നടന്നു.
ശിൽപി അന്റോണിയോ ഗൗഡിയുടെ വിയോഗത്തിന് നൂറ് വർഷം പൂർത്തിയായ വേളയിൽ, മാർപാപ്പയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. 144 വർഷം നീണ്ട
നിർമ്മാണ യാത്രയിൽ 566 അടി ഉയരത്തിലെത്തി നിൽക്കുകയാണ് ഇപ്പോൾ ഈ നിർമ്മിതി. യുദ്ധങ്ങളും ഭരണമാറ്റങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഉൾപ്പെടെയുള്ള വലിയ വെല്ലുവിളികൾ നേരിട്ടാണ് ഈ ബസിലിക്ക ഇത്രത്തോളം വളർന്നത്.
പ്രത്യേകിച്ചും സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് നിർമ്മാണം ഏറെ തടസ്സപ്പെട്ടിരുന്നു. ഈ ബസിലിക്കയുടെ പ്രധാന ആകർഷണമായ ജീസസ് ടവർ അത്യന്തം സങ്കീർണ്ണമായ എൻജിനീയറിങ് മികവിന്റെ ഉദാഹരണമാണ്.
ഇതിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന 100 ടൺ ഭാരമുള്ള കൂറ്റൻ കുരിശ് സ്ഥാപിച്ചത് അസാധ്യമായ ഒരു ദൗത്യമായിരുന്നു. ജർമ്മനിയിൽ നിർമ്മിച്ച് 14 ഭാഗങ്ങളായി ബാർസിലോണയിൽ എത്തിച്ച ഈ കുരിശ്, 200 അടി ഉയരത്തിലുള്ള വർക്ക് ഷോപ്പിലാണ് അന്തിമരൂപം നൽകി ഘടിപ്പിച്ചത്.
നിലവിലെ പ്രധാന ശിൽപിയായ മൗറീഷ്യോ കോർട്ടെയുടെ നേതൃത്വത്തിലാണ് ഈ സ്വപ്നപദ്ധതി മുന്നോട്ട് പോകുന്നത്. അന്റോണിയോ ഗൗഡിയുടെ മരണശേഷം നിർമ്മാണത്തിൽ പത്തു വർഷത്തോളം തടസ്സം നേരിട്ടിരുന്നു.
കലാപകാരികളുടെ അക്രമണത്തെത്തുടർന്ന് പള്ളിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ഗൗഡിയുടെ ശിഷ്യന്മാർ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടെടുത്തു. എങ്കിലും, പള്ളിയുടെ ഭാവി നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
പള്ളിയിലേക്ക് പ്രവേശിക്കുന്നതിനായി നിർദ്ദേശിച്ചിരിക്കുന്ന ബൃഹത്തായ പടിക്കെട്ടുകൾ നിർമ്മിക്കാൻ സമീപത്തെ വീടുകളും കെട്ടിടങ്ങളും ഒഴിപ്പിക്കേണ്ടതുണ്ട്. എന്നാൽ, തങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുന്ന ഈ തീരുമാനത്തിനെതിരെ പ്രദേശവാസികൾ ശക്തമായ എതിർപ്പുമായി രംഗത്താണ്.
ചരിത്രവും കലയും സങ്കീർണ്ണമായ സാമൂഹിക വിഷയങ്ങളും ഒത്തുചേരുന്ന ഒരു നിർമ്മിതിയായി സാഗ്രഡ ഫാമിലിയ ഇന്നും തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

