ഇറ്റലി സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്ക് സമ്മാനമായി നൽകിയ പാർലെ ‘മെലഡി’ ചോക്ലേറ്റുകൾ ഓഹരി വിപണിയിൽ അപ്രതീക്ഷിതവും കൗതുകകരവുമായ ചലനങ്ങൾക്ക് വഴിയൊരുക്കി. സമ്മാനത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ജോർജ മെലോനി എക്സിൽ പങ്കുവെച്ച വീഡിയോയാണ് വിപണിയിൽ ചർച്ചകൾക്ക് തുടക്കമിട്ടത്.
“Thank you for the gift” എന്ന കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ‘പാർലെ ഇൻഡസ്ട്രീസ്’ എന്ന കമ്പനിയുടെ ഓഹരിവിലയിൽ വലിയ മുന്നേറ്റം പ്രകടമായി.
ഉച്ചയ്ക്ക് 12.20 വരെ നഷ്ടത്തിൽ വ്യാപാരം തുടരുകയും, 5 രൂപയിൽ നിന്നും 4.84 രൂപയിലേക്ക് താഴുകയും ചെയ്ത ഓഹരിവില, തൊട്ടുപിന്നാലെ ശരവേഗത്തിൽ 5.25 രൂപയിലേക്ക് ഉയരുകയായിരുന്നു. ഏകദേശം 5 ശതമാനം വർധനയോടെ ഓഹരി അപ്പർ സർക്യൂട്ടിൽ എത്തുകയും ചെയ്തു.
എങ്കിലും, സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് പ്രകാരം, പ്രധാനമന്ത്രി സമ്മാനിച്ച ചോക്ലേറ്റുകളുമായി ഈ കമ്പനിക്ക് യാതൊരു ബന്ധവുമില്ല. പാർലെ പ്രോഡക്ട്സ് എന്ന കമ്പനിയാണ് മെലഡി ചോക്ലേറ്റുകളും ബിസ്കറ്റുകളും നിർമ്മിക്കുന്നത്.
എന്നാൽ, പാർലെ ഇൻഡസ്ട്രീസ് റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം, പേപ്പർ വേസ്റ്റ് റീസൈക്ലിങ് മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. പേരിലെ സാമ്യം മാത്രമാണ് ഓഹരി വിപണിയിൽ ഇത്തരം ഒരു മുന്നേറ്റത്തിന് വഴിതെളിച്ചത്.
ശ്രദ്ധേയമായ കാര്യം, പാർലെ പ്രോഡക്ട്സ് നിലവിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല എന്നതാണ്. ഇറ്റലി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോർജ മെലോനിയും സംയുക്തമായി അത്താഴ വിരുന്നിൽ പങ്കെടുത്തതും, ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദർശിച്ചതും നയതന്ത്രതലത്തിലും മാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടിയിരുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

