കൊല്ലം ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിൽ വീണ്ടും വിള്ളലുകൾ കണ്ടെത്തി. ചെപ്പള്ളിമുക്ക് ഭാഗത്തായി നൂറുമീറ്ററോളം നീളത്തിലാണ് റോഡിൽ വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് റോഡിലെ വിള്ളൽ ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് വിവരം കോർപ്പറേഷൻ കൗൺസിലർ ദീപു ഗംഗാധരനെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഈ വിള്ളൽ കൂടുതൽ വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ടാറും മണലും ഉപയോഗിച്ച് വിള്ളലുകൾ അടയ്ക്കാനുള്ള പ്രാഥമിക ശ്രമങ്ങളാണ് നടക്കുന്നത്.
ഏകദേശം രണ്ടു മാസം മുൻപ് ഇതേ പ്രദേശത്ത് മണ്ണ് നിറച്ച് നിർമ്മാണം നടത്തുന്നതിനിടെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന് ഭിത്തി തള്ളിവന്ന സംഭവം ഉണ്ടായിരുന്നു. അന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതിനെത്തുടർന്ന്, മണ്ണ് നീക്കം ചെയ്ത് ബലപ്പെടുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
വിള്ളൽ ഉണ്ടായ ഭാഗത്തുകൂടി മഴവെള്ളം താഴേക്ക് ഊർന്നിറങ്ങുന്നത് കൂടുതൽ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. റോഡ് നിർമ്മാണം ഏറെക്കുറെ പൂർത്തിയായെങ്കിലും ഗതാഗതത്തിനായി ഇത് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല.
നിലവിൽ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മൂന്നുദിവസം മുൻപ് നീരാവിൽ ഭാഗത്തും സമാനമായ രീതിയിൽ റോഡിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു.
വിള്ളലുകൾ ശാസ്ത്രീയമായി പരിഹരിക്കുന്നതിന് പകരം ടാറും മണലും ഉപയോഗിച്ച് താൽക്കാലികമായി അടയ്ക്കാൻ ശ്രമിക്കുന്നത് നാട്ടുകാരുടെ എതിർപ്പിന് കാരണമായിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു.
തുടർച്ചയായി വിവിധ ഭാഗങ്ങളിൽ ഇത്തരം വിള്ളലുകൾ രൂപപ്പെടുന്നത് നിർമ്മാണത്തിലെ അപാകതയാണെന്ന ആരോപണമാണ് വ്യാപകമായി ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

