ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച ‘പാർലെ മെലഡി’ ചോക്ലേറ്റുകൾ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്നു. ഇറ്റലി സന്ദർശനത്തിനിടെ സമ്മാനിച്ച ഈ ചോക്ലേറ്റ് പാക്കറ്റ് മെലോനി തന്റെ എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെച്ചു.
“Thank you for the gift” എന്ന് കുറിച്ചുകൊണ്ടായിരുന്നു മെലോനി വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഓഹരി വിപണിയിൽ കൗതുകകരമായ ഒരു പ്രതിഭാസം അരങ്ങേറി.
‘പാർലെ’ എന്ന പേരുള്ള കമ്പനിയുടെ ഓഹരിവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 12.20 വരെ നഷ്ടത്തിൽ വ്യാപാരം നടത്തിയിരുന്ന പാർലെ ഇൻഡസ്ട്രീസിന്റെ ഓഹരി, ഇന്നലത്തെ ക്ലോസിങ് വിലയായ 5 രൂപയിൽ നിന്ന് 4.84 രൂപയിലേക്ക് താഴ്ന്നിരുന്നു.
എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഓഹരി വില കുത്തനെ ഉയർന്ന് 5.25 രൂപയിലെത്തി. വിപണിയിലെ അപ്പർ സർക്യൂട്ട് പരിധിയായ 5 ശതമാനം വർധനയാണ് കമ്പനി ഒറ്റയടിക്ക് സ്വന്തമാക്കിയത്.
എങ്കിലും, ഈ മുന്നേറ്റത്തിന് പിന്നിൽ വലിയൊരു ആശയക്കുഴപ്പമുണ്ടെന്നതാണ് വാസ്തവം. പ്രധാനമന്ത്രി സമ്മാനിച്ച പ്രശസ്തമായ ‘മെലഡി’ ചോക്ലേറ്റുകൾ നിർമിക്കുന്നത് പാർലെ പ്രോഡക്ട്സ് എന്ന സ്വകാര്യ കമ്പനിയാണ്.
എന്നാൽ ഓഹരി വിപണിയിൽ മുന്നേറ്റം നടത്തിയത് റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ, പേപ്പർ വേസ്റ്റ് റീസൈക്ലിങ് മേഖലകളിൽ പ്രവർത്തിക്കുന്ന പാർലെ ഇൻഡസ്ട്രീസ് എന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു കമ്പനിയാണ്. പേരിലുള്ള സാമ്യം മാത്രമാണ് ഈ ഓഹരിയുടെ വില ഉയരാൻ കാരണമായത്.
പാർലെ പ്രോഡക്ട്സ് നിലവിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല. ഐപിഒ സംബന്ധിച്ച് നേരത്തെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ അത്തരമൊരു പദ്ധതിയില്ലെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
മോദിയുടെ സമ്മാനത്തിലൂടെ തങ്ങളുടെ ഉൽപ്പന്നത്തിന് ആഗോളതലത്തിൽ വലിയ ശ്രദ്ധ ലഭിച്ചതായി പാർലെ പ്രോഡക്ട്സ് അധികൃതർ അറിയിച്ചു. റോം സന്ദർശന വേളയിൽ മെലോനിക്കൊപ്പം അത്താഴ വിരുന്നിലും കൊളോസിയം സന്ദർശനത്തിലും പ്രധാനമന്ത്രി പങ്കുചേർന്നിരുന്നു.
(നിരാകരണം: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വന്തമായി പഠനങ്ങൾ നടത്തുകയോ വിദഗ്ധ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

