സംസ്ഥാനത്ത് പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഡ്രൈ ഡേ ആചരിക്കും. ഇതിന്റെ ഭാഗമായി ആദ്യ ദിനമായ ഇന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
നാളെ സർക്കാർ ഓഫീസുകളിലും, ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. സംസ്ഥാനത്ത് ഷിഗല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഏകോപിത നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇന്നലെ മാത്രം സംസ്ഥാനത്ത് 19 പേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. അതേസമയം, കോഴിക്കോട് നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയിൽ ആശങ്ക തുടരുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് 10 ദിവസം പിന്നിടുമ്പോഴും യുവാവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.
ഇതിനിടെ, എബോള ബാധ സംശയിക്കുന്ന സ്ത്രീ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നു. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിയെയാണ് പനിയെത്തുടർന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
ഇവരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി പുനയിലെ നാഷണൽ ലാബിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം ഇതുവരെ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

