പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും മുൻനിർത്തി ആവിഷ്കരിച്ച പദ്ധതി പാളുന്നു.
നൂറു ശതമാനം സബ്സിഡി നിരക്കിൽ സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വിതരണമില്ലാതെ നശിക്കുന്നത്. കൃത്യമായ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യാതിരുന്നത് പദ്ധതിയുടെ പരാജയത്തിന് കാരണമായി.
പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭ എന്നിവയുടെ അനുമതിയോടെ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടിക പ്രകാരം ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ച കപ്പുകളാണ് അധികൃതരുടെ അനാസ്ഥയിൽ കെട്ടിക്കിടക്കുന്നത്. നാരങ്ങാനം പഞ്ചായത്തിൽ വികസന ഫണ്ടിൽ നിന്ന് 3.44 ലക്ഷം രൂപ ചെലവഴിച്ച് 1150 മെൻസ്ട്രൽ കപ്പുകൾ വാങ്ങിയിരുന്നു.
ഇതിൽ 205 എണ്ണം മാത്രമാണ് വിതരണം ചെയ്യാനായത്. ബാക്കി 945 എണ്ണം കടമ്മനിട്ട
കുടുംബാരോഗ്യ കേന്ദ്രത്തിലെ മെയിൻ ഹെൽത്ത് സെന്ററിലും സബ് സെന്ററുകളിലുമായി നശിക്കുകയാണ്. പന്തളം തെക്കേക്കര പഞ്ചായത്തിൽ ഒരു ലക്ഷം രൂപ മുടക്കി വാങ്ങിയ 333 കപ്പുകളിൽ ഒരെണ്ണം പോലും ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല.
ഗുണഭോക്താക്കളുടെ കൃത്യമായ കണക്കെടുക്കാതെ പദ്ധതി നടപ്പിലാക്കിയതാണ് ഇവിടെ തിരിച്ചടിയായത്. കോന്നി പഞ്ചായത്തിൽ 52 എണ്ണവും കടപ്ര പഞ്ചായത്തിൽ 2.95 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 985 കപ്പുകളിൽ 23 എണ്ണം മാത്രമാണ് വിതരണം ചെയ്തത്.
ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കടപ്രയിൽ 57 കപ്പുകൾ ഇപ്പോഴും ആരോഗ്യ കേന്ദ്രത്തിൽ കെട്ടിക്കിടക്കുകയാണ്. കുറ്റൂർ പഞ്ചായത്തിൽ 4.26 ലക്ഷം രൂപ ചെലവിൽ 1423 കപ്പുകൾ വാങ്ങിയെങ്കിലും ഇതിൽ 571 എണ്ണം വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല.
സാനിറ്ററി പാഡുകളെ അപേക്ഷിച്ച് സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ് മെൻസ്ട്രൽ കപ്പുകൾ. ഇവ വർഷങ്ങളോളം ഉപയോഗിക്കാൻ സാധിക്കുമെങ്കിലും ഉപയോഗക്രമത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാന തടസ്സമായി നിൽക്കുന്നത്.
ആശാ പ്രവർത്തകരെയും കുടുംബശ്രീ യൂണിറ്റുകളെയും ഏകോപിപ്പിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കിയാൽ മാത്രമേ ഇത്തരം ജനക്ഷേമ പദ്ധതികൾ ലക്ഷ്യത്തിലെത്തുകയുള്ളൂ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

