പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും മുൻനിർത്തി ആവിഷ്കരിച്ച മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി പ്രതിസന്ധിയിൽ.
നൂറു ശതമാനം സബ്സിഡി നിരക്കിൽ സ്ത്രീകൾക്ക് ലഭ്യമാക്കുന്നതിനായി വൻ തുക ചെലവഴിച്ച് വാങ്ങിയ കപ്പുകൾ കൃത്യമായി വിതരണം ചെയ്യാത്തതിനെത്തുടർന്ന് കാലാവധി കഴിഞ്ഞ് നശിക്കുന്ന സാഹചര്യമാണുള്ളത്. പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭകൾ എന്നിവയുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തി സബ് സെന്ററുകൾ വഴി വിതരണം ചെയ്യാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്.
എന്നാൽ, ശാസ്ത്രീയമായ ബോധവൽക്കരണ പരിപാടികളുടെ അഭാവം പദ്ധതിയെ സമ്പൂർണ്ണ പരാജയത്തിലേക്ക് തള്ളിയിട്ടു. പദ്ധതി നടത്തിപ്പിലെ അനാസ്ഥയും ക്രമക്കേടുകളും വിവിധ പഞ്ചായത്തുകളിലെ കണക്കുകൾ വെളിപ്പെടുത്തുന്നു.
നാരങ്ങാനം പഞ്ചായത്തിൽ വികസന ഫണ്ടിൽ നിന്നും 3.44 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 1150 മെൻസ്ട്രൽ കപ്പുകളിൽ 205 എണ്ണം മാത്രമാണ് വിതരണം ചെയ്തത്. ബാക്കിയുള്ള 945 കപ്പുകൾ കടമ്മനിട്ട
കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള മെയിൻ ഹെൽത്ത് സെന്ററിലും വിവിധ സബ് സെന്ററുകളിലുമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. പന്തളം തെക്കേക്കര പഞ്ചായത്തിലും സമാനമായ സാഹചര്യമാണുള്ളത്.
ഒരു ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 333 കപ്പുകളിൽ ഒരെണ്ണം പോലും ഗുണഭോക്താക്കളിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. ഗുണഭോക്താക്കളെ കൃത്യമായി കണ്ടെത്താതെയും ആവശ്യകത പരിശോധിക്കാതെയും പദ്ധതി നടപ്പിലാക്കിയതാണ് പരാജയത്തിന് കാരണമായത്.
ഇതേരീതിയിൽ കോന്നി പഞ്ചായത്തിൽ 52 കപ്പുകൾ വിതരണം ചെയ്യാനുണ്ട്. കടപ്ര പഞ്ചായത്തിൽ 2.95 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 985 കപ്പുകളിൽ വെറും 23 എണ്ണം മാത്രമാണ് വിതരണം ചെയ്തത്.
ശേഷിക്കുന്നവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കെട്ടിക്കിടക്കുകയാണെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറ്റൂർ പഞ്ചായത്തിൽ 4.26 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 1423 മെൻസ്ട്രൽ കപ്പുകളിൽ 571 എണ്ണവും ഇതേപോലെ അവശേഷിക്കുന്നു.
സാനിറ്ററി പാഡുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും സാമ്പത്തിക ലാഭമുണ്ടാക്കുന്നതുമാണ് മെൻസ്ട്രൽ കപ്പുകൾ. ആശാ വർക്കർമാർ മുഖേനയും കുടുംബശ്രീ യൂണിറ്റുകൾ വഴിയും താഴെത്തട്ടിൽ കൃത്യമായ ബോധവൽക്കരണം നൽകിയാൽ മാത്രമേ ഭാവിയിലെങ്കിലും ഇത്തരം പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കൂ എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

