കൊല്ലം കാവനാട് ആൽത്തറമൂട് ഭാഗത്ത് നിർമാണം പുരോഗമിക്കുന്ന ദേശീയപാതയുടെ മേൽപ്പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ഏകദേശം 100 മീറ്റർ നീളത്തിൽ റോഡിൽ വിള്ളലുകൾ രൂപപ്പെട്ടത് പ്രദേശവാസികളിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
നിലവിൽ ഈ ഭാഗത്തുകൂടി വാഹനഗതാഗതം അനുവദിച്ചിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പ്രതിഷേധിക്കുകയും തുടർന്ന് ജില്ലാ കലക്ടർക്ക് പരാതി നൽകുകയും ചെയ്തു.
നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ശിവാലയ കൺസ്ട്രക്ഷൻസ് കമ്പനി അധികൃതർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. ഏഴിലധികം തുരുത്തുകൾ ഉൾക്കൊള്ളുന്ന മുക്കാട് പ്രദേശത്ത് പാരിസ്ഥിതിക പഠനങ്ങൾ കാര്യക്ഷമമായി നടത്താതെയാണ് മണ്ണ് നികത്തി പാത നിർമിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സമാനമായ രീതിയിൽ കൊട്ടിയം മൈലക്കാട് ഉയരപ്പാതയും സർവീസ് റോഡും മാസങ്ങൾക്ക് മുൻപ് തകർന്നത് ജനങ്ങളിൽ വലിയ ഭീതി ജനിപ്പിച്ചിരുന്നു. കൂടാതെ, കൊട്ടിയം പറക്കുളത്തും സമാനമായ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
മൂന്ന് മാസം മുൻപ്, ടാറിംഗിന് മുൻപായി പാലത്തിനായി മണ്ണ് ഉയർത്തിയപ്പോൾ ആർഇ വോൾ പുറത്തേക്ക് തള്ളിയിരുന്നു. ആൽത്തറമൂട് മുതൽ നീണ്ടകര വരെ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് അന്ന് തന്നെ ആവശ്യം ഉയർന്നിരുന്നു.
മണ്ണ് പരിശോധനാഫലം ലഭ്യമായതിന് ശേഷം മാത്രം നിർമാണം പൂർത്തിയാക്കാമെന്ന എൻഎച്ച്ഐയുടെയും കരാർ കമ്പനിയുടെയും ഉറപ്പ് ലംഘിക്കപ്പെട്ടുവെന്ന് ആക്ഷേപമുണ്ട്. മഴ ശക്തമായാൽ മണ്ണ് ഇടിയാനും ഉയരപ്പാതയുടെ സുരക്ഷയെ ബാധിക്കാനും സാധ്യതയേറെയാണ്.
പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ തടയുകയും റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും കോർപറേഷൻ കൗൺസിലർ ബി.ദീപു ഗംഗാധരൻ വ്യക്തമാക്കി. അതേസമയം, മേൽപ്പാലത്തിലെ വിള്ളലിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് ശക്തികുളങ്ങര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കോൺക്രീറ്റ് തൂണുകൾ ഉപയോഗിച്ചുള്ള നിർമാണത്തെക്കുറിച്ച് അധികൃതർ ആലോചിക്കണമെന്നും ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത ദേശീയപാത അതോറിറ്റിയുടെ നിലപാട് തിരുത്തണമെന്നും ചെയർമാൻ കിടങ്ങിൽ സന്തോഷ്, കൺവീനർ എം.പുഷ്പാംഗദൻ എന്നിവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

