ഡിജിറ്റൽ യുഗത്തിൽ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും സജീവമാകുമ്പോൾ, വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയിൽ വലിയൊരു വിഭാഗം ഉപയോക്താക്കളും ജാഗ്രത പുലർത്തുന്നില്ലെന്നത് ആശങ്കാജനകമാണ്. സൈബർ സുരക്ഷയുടെ അടിസ്ഥാന ശിലയായ പാസ്വേഡുകൾ കൈകാര്യം ചെയ്യുന്നതിലുണ്ടാകുന്ന അനാസ്ഥ ഗുരുതരമായ സുരക്ഷാ ഭീഷണികൾക്ക് വഴിയൊരുക്കുന്നു.
അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന പാസ്വേഡുകൾ ഹാക്കിംഗ് പോലുള്ള സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഓൺലൈൻ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സങ്കീർണ്ണമായ പാസ്വേഡുകൾ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.
വലിയ അക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, സ്പെഷ്യൽ ക്യാരക്ടറുകൾ, സ്പെയ്സ് എന്നിവ കൃത്യമായി ഇടകലർത്തി പാസ്വേഡുകൾ നിർമ്മിക്കാൻ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള പാസ്വേഡുകൾ ഓർത്തിരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇവ നിർണ്ണായക പങ്കുവഹിക്കുന്നു.
പല ഉപയോക്താക്കളും സൗകര്യത്തിന് വേണ്ടി തങ്ങളുടെ പേര്, ജനനതീയതി, മൊബൈൽ നമ്പർ തുടങ്ങിയ പൊതുവായ വിവരങ്ങൾ പാസ്വേഡുകളായി ഉപയോഗിക്കാറുണ്ട്. പുറത്തുനിന്നുള്ളവർക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താവുന്ന ഇത്തരം വിവരങ്ങൾ പാസ്വേഡുകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണം.
പാസ്വേഡ് സജ്ജീകരിക്കുന്നതോടെ സുരക്ഷാ നടപടികൾ അവസാനിക്കുന്നില്ല; കൃത്യമായ ഇടവേളകളിൽ പാസ്വേഡുകൾ പരിഷ്കരിക്കുന്നത് ശീലമാക്കേണ്ടതുണ്ട്. സൈബർ ഇടങ്ങളിൽ സ്വയം സുരക്ഷിതരാകാൻ ഓരോ ഉപയോക്താവിന്റെയും ജാഗ്രതയും കൃത്യമായ ഇടപെടലുകളും അനിവാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

