കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് വീടുകളും റോഡുകളും നഷ്ടപ്പെട്ട അറുനൂറിലധികം കുടുംബങ്ങൾ കടുത്ത ദുരിതത്തിൽ.
സംഭവം നടന്ന് രണ്ടു വർഷം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ട് ഇവർക്ക് ലഭ്യമായിട്ടില്ല. പഞ്ചായത്ത് തലത്തിലും ജില്ലാ ഭരണകൂടത്തിന് കീഴിലും മന്ത്രിതലത്തിലും നിരവധി തവണ പരാതികൾ നൽകിയിട്ടും നടപടികൾ എങ്ങുമെത്തിയില്ല.
തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ഓളം പേർക്കായി 12 കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കാനുള്ളത്.
കൃഷിനാശം സംഭവിച്ചവർ, വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നവർ എന്നിവർ വലിയ പ്രതീക്ഷയോടെയാണ് നഷ്ടപരിഹാരത്തുക കാത്തിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അർഹരായവരുടെ പട്ടിക കളക്ടർക്കും സർക്കാരിനും സമർപ്പിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ഫണ്ട് പാസായതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് സന്ദേശം ലഭിച്ചെങ്കിലും തുക അക്കൗണ്ടിലെത്തിയില്ല.
പിന്നീട് നിയമസഭ തിരഞ്ഞെടുപ്പു കാലയളവിൽ തുക ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. നിലവിൽ പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
ഫണ്ട് വൈകിയതോടെ പല അറ്റകുറ്റപ്പണികളും കരാറുകാർ സ്വന്തം നിലയിൽ മുൻകൈയെടുത്ത് പൂർത്തിയാക്കിയിരുന്നു. എന്നാൽ, ഇവർക്കും ഇതുവരെ പ്രതിഫലം ലഭിച്ചിട്ടില്ല.
റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, നഷ്ടപ്പെട്ട മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങൾക്കായാണ് ഫണ്ട് അടിയന്തരമായി ആവശ്യം.
കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വകുപ്പിന് വീണ്ടും സമർപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

