നിർമിത ബുദ്ധി (AI) സേവനങ്ങളുടെ പ്രവർത്തനരീതിയിൽ സമൂലമായ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഗൂഗിൾ. ജെമിനി (Gemini) സേവനങ്ങളുടെ ഉപയോഗ പരിധി നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തുമെന്ന് ഐ/ഒ (I/O) 2026 സമ്മേളനത്തിൽ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇതുവരെ പ്രോംപ്റ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരുന്നു ഉപയോഗ പരിധി നിശ്ചയിച്ചിരുന്നതെങ്കിൽ, ഇനി മുതൽ ‘കമ്പ്യൂട്ട്-യൂസ്ഡ്’ (compute-used) എന്ന പുതിയ മാതൃകയിലേക്ക് ജെമിനി മാറുകയാണ്. പുതിയ സംവിധാനമനുസരിച്ച്, നൽകുന്ന പ്രോംപ്റ്റുകളുടെ സങ്കീർണ്ണത, ഉപയോഗിക്കുന്ന ഫീച്ചറുകൾ, ചാറ്റിന്റെ ദൈർഘ്യം എന്നിവ അടിസ്ഥാനമാക്കിയാകും ഉപയോഗ പരിധി കണക്കാക്കുക.
ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകളെ അപേക്ഷിച്ച് വീഡിയോ ജനറേഷൻ പോലുള്ള സങ്കീർണ്ണമായ പ്രവർത്തനങ്ങൾക്ക് കൂടുതൽ ടോക്കണുകളും കമ്പ്യൂട്ടേഷണൽ ശേഷിയും ആവശ്യമായി വരും. സാധാരണ ഉപയോഗങ്ങൾക്ക് ഈ മാറ്റം വലിയ പ്രത്യാഘാതം ഉണ്ടാക്കില്ലെങ്കിലും, കോഡിംഗ്, വീഡിയോ നിർമ്മാണം തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നവർക്ക് നിശ്ചിത പരിധി വേഗത്തിൽ അവസാനിക്കാൻ സാധ്യതയുണ്ട്.
പരിഷ്കരിച്ച നിബന്ധനകൾ പ്രകാരം അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള ഉപയോഗ പരിധിയും പ്രതിവാര പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. മീഡിയ ജനറേഷൻ, ഡീപ് റിസർച്ച്, പ്രോ മോഡൽ, എക്സ്റ്റൻഡഡ് തിങ്കിംഗ്, ഡീപ് തിങ്ക് തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ കമ്പ്യൂട്ട് ശേഷി കൂടുതലായി ആവശ്യമായി വരും.
നിലവിൽ പ്ലാൻ ഇല്ലാത്ത ഉപയോക്താക്കൾക്ക് ‘സ്റ്റാൻഡേർഡ് ലിമിറ്റ്’ ബാധകമാകും. എഐ പ്ലസ് (AI Plus) പ്ലാനിൽ ഇത് ഇരട്ടിയായും, എഐ പ്രോ (AI Pro) പ്ലാനിൽ നാല് മടങ്ങും, എഐ അൾട്രാ (AI Ultra) പ്ലാനിൽ ഇരുപത് മടങ്ങും ഉയർന്ന പരിധിയാണ് ലഭ്യമാകുക.
ഉപയോഗ പരിധി അവസാനിക്കുന്ന ഘട്ടത്തിൽ ഉപയോക്താക്കളെ ചെറിയ മോഡലുകളിലേക്ക് മാറ്റുന്ന രീതിയാണ് ഗൂഗിൾ ആവിഷ്കരിച്ചിരിക്കുന്നത്. എഐ പ്രോ, അൾട്രാ വരിക്കാർക്ക് പരിധി കഴിഞ്ഞാലും സേവനം തുടരുന്നതിനായി ‘പേ-ആസ്-യു-ഗോ’ (PAYG) എഐ ക്രെഡിറ്റുകൾ വാങ്ങാനുള്ള സൗകര്യവും ലഭ്യമാകും.
വരും ദിവസങ്ങളിൽ ഗൂഗിൾ ആന്റിഗ്രാവിറ്റി, ഗൂഗിൾ ഫ്ലോ, ജെമിനി ആപ്പ് എന്നിവയിൽ ഈ ക്രെഡിറ്റുകൾ ലഭ്യമാകും. വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഉപയോക്താക്കൾക്ക് തങ്ങളുടെ ഉപയോഗ പരിധി പരിശോധിക്കാവുന്നതാണ്.
ഇതിനൊപ്പം 100 ഡോളർ നിരക്കിൽ പുതിയ എഐ അൾട്രാ പ്ലാനും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

