അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം തുടർച്ചയായി ഇടിയുന്നു. വ്യാപാരത്തിന്റെ ആദ്യ സെഷനിൽ തന്നെ 33 പൈസയുടെ തകർച്ച രേഖപ്പെടുത്തിയതോടെ രൂപയുടെ മൂല്യം 96.86 എന്ന നിലവാരത്തിലേക്ക് താഴ്ന്നു.
ഇറാൻ-യുഎസ് സംഘർഷം അയവില്ലാതെ തുടരുന്നതും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഇത് ഡോളറിന് കരുത്ത് പകരുകയും രൂപയെ സമ്മർദ്ദത്തിലാക്കുകയുമാണ്.
ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ പിൻമാറുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് കടുത്ത തിരിച്ചടിയാകുന്നുണ്ട്. ഇറാൻ-യുഎസ് സംഘർഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 5.7 ശതമാനമാണ് രൂപയ്ക്ക് നഷ്ടം സംഭവിച്ചത്.
2026-ലെ കണക്കുകൾ പരിശോധിച്ചാൽ ഇതുവരെയുള്ള ഇടിവ് എട്ട് ശതമാനത്തോളമാണ്. ഏഷ്യൻ കറൻസികളിൽ ഡോളറിനെതിരെ ഏറ്റവും വലിയ തകർച്ച നേരിട്ടത് രൂപയാണ്.
രൂപയുടെ മൂല്യശോഷണം രാജ്യത്തെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാൻ ഇടയാക്കും. ക്രൂഡോയിൽ, സ്വർണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ഇറക്കുമതി ചെലവ് വർധിക്കുന്നത് സാധാരണക്കാരുടെ ജീവിതച്ചെലവിനെ നേരിട്ട് ബാധിക്കും.
ഇത് ജിഡിപി വളർച്ചാ നിരക്കിലും പ്രതിഫലിക്കും. ഇന്ധനവിലയിലുണ്ടാകുന്ന വർധനവ് ചരക്ക് നീക്കത്തെയും പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കും.
പണപ്പെരുപ്പം നിയന്ത്രണാതീതമായാൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് ഉയർത്താൻ നിർബന്ധിതരായേക്കും, ഇത് ബാങ്ക് വായ്പകളുടെ തിരിച്ചടവ് ഭാരം വർധിപ്പിക്കും. കൂടാതെ വിദേശയാത്ര, വിദേശപഠനം എന്നിവ ചെലവേറിയതാകുകയും വിദേശ കറൻസിയിൽ വായ്പയെടുത്തവർക്ക് തിരിച്ചടവ് ബാധ്യത കൂടുകയും ചെയ്യും.
അതേസമയം, കയറ്റുമതി കേന്ദ്രീകൃതമായ ബിസിനസ് സ്ഥാപനങ്ങൾക്ക് ഈ സാഹചര്യം ഗുണകരമാണ്. വിദേശത്ത് നിന്ന് വരുമാനം നേടുന്ന കമ്പനികൾക്ക് ഇത് നേട്ടമാകും.
കൂടാതെ, വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. പ്രധാന ജിസിസി കറൻസികളുടെ ഇന്നലത്തെ വിനിമയ നിരക്ക് താഴെ പറയുന്നതാണ്:
* യുഎഇ ദിർഹം: 26.28 രൂപ
* സൗദി റിയാൽ: 25.76 രൂപ
* ഖത്തർ റിയാൽ: 26.51 രൂപ
* ഒമാൻ റിയാൽ: 251.37 രൂപ
* ബഹ്റൈൻ ദിനാർ: 256.41 രൂപ
* കുവൈത്ത് ദിനാർ: 312.72 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

