തമിഴ്നാട്ടിലെ നഗരപ്രദേശങ്ങളിൽ സാധാരണക്കാർക്ക് ഏറെ ആശ്വാസമേകിയിരുന്ന ‘അമ്മ കന്റീനുകൾ’ക്ക് പുതുജീവൻ നൽകാൻ ടിവികെ സർക്കാർ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്തെ 620 കേന്ദ്രങ്ങളിലായി പ്രവർത്തിച്ചിരുന്ന കന്റീനുകൾ മുൻകാലങ്ങളിൽ ഫണ്ട് ലഭ്യതക്കുറവുമൂലം പ്രതിസന്ധിയിലായിരുന്നു.
2013-ൽ അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതി, കുറഞ്ഞ നിരക്കിൽ മൂന്നുനേരവും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. തദ്ദേശ ഭരണസമിതികൾ ഫണ്ട് വകയിരുത്താത്തതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾ പോലും നടക്കാതെ കന്റീനുകൾ നാമമാത്രമായി മാറിയിരുന്നു.
ഉപകരണങ്ങൾ നശിക്കുകയും ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയത്. അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എല്ലാ കന്റീനുകളും പ്രവർത്തനസജ്ജമാക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു.
ഇതിന്റെ ഭാഗമായി കോർപറേഷൻ ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അടിയന്തര യോഗം ചേർന്നു. തുടർന്ന് കമ്മിഷണറുടെ നേതൃത്വത്തിൽ കന്റീനുകളിൽ നേരിട്ടുള്ള പരിശോധനകൾ നടന്നു.
പ്രവർത്തനരഹിതമായ ഫിൽറ്ററുകൾ, കേടായ പാത്രങ്ങൾ, ഫാനുകൾ എന്നിവ മാറ്റിസ്ഥാപിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നിർദ്ദേശം നൽകി. കോർപറേഷൻ ഓഫിസിന് പിന്നിലെ കന്റീൻ, സർക്കാർ മെഡിക്കൽ കോളേജ്, മേട്ടുപ്പാളയം റോഡിലെ പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ കന്റീനുകളിൽ കമ്മിഷണർ പരിശോധന നടത്തുകയും ഗുണഭോക്താക്കളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ ആരായുകയും ചെയ്തു.
നിലവിൽ ഒരു രൂപയ്ക്ക് ഇഡ്ഡലി, 3 രൂപയ്ക്ക് തൈര് സാദം, 5 രൂപയ്ക്ക് സാമ്പാർ സാദം എന്നിങ്ങനെയായിരുന്നു ഭക്ഷണവിതരണം. പദ്ധതി പൂർണ്ണതോതിൽ പുനരുജ്ജീവിപ്പിക്കുന്നതോടെ നഗരവാസികൾക്ക് വീണ്ടും ആശ്വാസമേകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

