കൽപറ്റ: അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും വിളവെടുപ്പ് പൂർത്തിയായതോടെ നേന്ത്രക്കായ വിലയിൽ വലിയ വർധന. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ക്വിന്റലിന് 2400 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 4400 രൂപ എന്ന നിരക്കിലേക്കാണ് വില ഉയർന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മികച്ച നിരക്കാണിത്. 2023 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് ഇതിന് മുൻപ് ക്വിന്റലിന് 4200 രൂപയെന്ന ഉയർന്ന വില ലഭിച്ചിരുന്നത്.
കഴിഞ്ഞ രണ്ട് ഓണക്കാലത്തും വാഴക്കുലകൾക്ക് കാര്യമായ വില ലഭിച്ചിരുന്നില്ല. കർണാടകയിലും തമിഴ്നാട്ടിലും കൃഷി വ്യാപകമായതിനെത്തുടർന്ന് ഉൽപാദനം വർധിച്ചത് വിപണിയിൽ തിരിച്ചടിയായിരുന്നു.
ജനുവരി മാസത്തിൽ വില ക്വിന്റലിന് 1400 രൂപയിലേക്ക് വരെ താഴ്ന്നിരുന്നു. അക്കാലത്ത് ആവശ്യക്കാർ കുറഞ്ഞതോടെ കർഷകർക്ക് വാഴക്കുലകൾ കൃഷിയിടത്തിൽ തന്നെ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു.
ജില്ലയിൽ വാഴക്കൃഷി പരിമിതമാണെങ്കിലും, കർണാടകയിൽ വലിയൊരു വിഭാഗം മലയാളികൾ കൃഷിയിൽ ഏർപ്പെടുന്നുണ്ട്. ഏപ്രിൽ രണ്ടാം പകുതിയിൽ വേനൽമഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റ് ജില്ലയിലെ കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയായി.
കൃഷി വകുപ്പിന്റെ കണക്കുപ്രകാരം 839 കർഷകരുടെ 76.5 ഹെക്ടറിലെ കൃഷിയാണ് അന്ന് നശിച്ചത്. ഏകദേശം 10.41 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം കണക്കാക്കുന്നത്.
കുലച്ചതും വിളവെടുപ്പിന് പാകമായതുമായ വാഴകൾ വ്യാപകമായി നശിച്ചതിനാൽ നിലവിൽ പ്രാദേശിക ഉൽപാദനത്തിലും വലിയ കുറവുണ്ട്. ഉൽപാദനക്കുറവും അയൽസംസ്ഥാനങ്ങളിലെ വിതരണത്തിലെ മാറ്റങ്ങളുമാണ് നിലവിലെ വിലവർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

