കൊല്ലം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇൻസ്പെക്ടർമാർക്ക് (സിഐ) നൽകിയ നടപടി പൊലീസിന്റെ പ്രവർത്തനക്ഷമതയെയും നിഷ്പക്ഷതയെയും ദോഷകരമായി ബാധിച്ചതായി ഉന്നതതല സമിതിയുടെ കണ്ടെത്തൽ. മുൻ ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരുന്ന കാലത്ത് നടപ്പിലാക്കിയ ഈ പരിഷ്കാരം തികഞ്ഞ പരാജയമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ.
മുൻ ഡിജിപി കെ. പത്മകുമാർ, ഐജി അനൂപ് കുരുവിള ജോൺ, ഡിഐജി എസ്.
ഹരിശങ്കർ എന്നിവരടങ്ങുന്ന സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. സിപിഎമ്മിൽ നിന്നുയർന്ന എതിർപ്പുകളെത്തുടർന്ന് അന്ന് ഈ റിപ്പോർട്ട് നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല.
വരാനിരിക്കുന്ന പൊലീസ് നവീകരണ പരിപാടികളിൽ ഈ വിഷയത്തിന് മുൻഗണന നൽകുമെന്നാണ് സൂചനകൾ. സമിതി ചൂണ്ടിക്കാട്ടിയ പ്രധാന കണ്ടെത്തലുകൾ താഴെ പറയുന്നവയാണ്: 1.
സിഐമാർക്ക് സ്റ്റേഷൻ ചുമതല നൽകിയത് അവരുടെ മനോവീര്യം തകർത്തു. നേരത്തെ രണ്ടോ മൂന്നോ സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിച്ചിരുന്നത് സർക്കിൾ ഇൻസ്പെക്ടർമാരായിരുന്നു.
എന്നാൽ സ്റ്റേഷൻ ഭരണം കൂടി ലഭിച്ചതോടെ പ്രധാന കേസുകളിലെ അന്വേഷണ മികവ് കുറഞ്ഞതായി സമിതി നിരീക്ഷിച്ചു. 2.
മുൻപ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ചെറുപ്പക്കാരായ എസ്ഐമാർക്ക് നിഷ്പക്ഷമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നു. പുതിയ സംവിധാനത്തിൽ ഇതിന് മാറ്റം വന്നത് സ്റ്റേഷനുകളുടെ നിഷ്പക്ഷതയെ ബാധിച്ചു.
3. 150 ഇൻസ്പെക്ടർമാരുമായി നടത്തിയ നേരിട്ടുള്ള കൂടിക്കാഴ്ചയിൽ നിന്ന്, അമിതജോലിഭാരം 40 വയസ്സിനു മുകളിലുള്ള ഉദ്യോഗസ്ഥരിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കുന്നതായി തെളിഞ്ഞു.
പലർക്കും ഹൃദയാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടിലുണ്ട്. 4.
സൂപ്പർവൈസറി അധികാരം നഷ്ടപ്പെട്ടത് പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി. നേരത്തെ മൂന്ന് സ്റ്റേഷനുകളുടെ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർക്ക് ഉദ്യോഗസ്ഥരെ വേഗത്തിൽ വിന്യസിക്കാൻ സാധിച്ചിരുന്നു.
നിലവിൽ ഡിവൈഎസ്പിയും എസ്പിയും ഇടപെടേണ്ടി വരുന്നത് കാലതാമസത്തിന് കാരണമാകുന്നു. 5.
നേരിട്ട് എസ്ഐ ആയി ജോലിയിൽ പ്രവേശിക്കുന്ന ചെറുപ്പക്കാർക്ക് ആദ്യ പത്ത് വർഷം അന്വേഷണത്തിലും ക്രമസമാധാന പരിപാലനത്തിലുമുള്ള പരിശീലനം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അതേസമയം, സംസ്ഥാനത്തെ 484 സ്റ്റേഷനുകളിൽ 108 എണ്ണത്തിൽ നിലവിലെ ഇൻസ്പെക്ടർ സംവിധാനം തുടരണമെന്ന് സമിതി നിർദേശിക്കുന്നു.
വിവിഐപി സന്ദർശനം, കേസുകളുടെ ബാഹുല്യം തുടങ്ങിയ എട്ട് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ സ്റ്റേഷനുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ രണ്ടോ മൂന്നോ സ്റ്റേഷനുകൾക്കായി ഒരു ഇൻസ്പെക്ടറെ നിയോഗിക്കുന്ന രീതി തുടരാം.
ഇതിനായി 150 ഇൻസ്പെക്ടർമാർ മതിയെന്നും ബാക്കിയുള്ളവരെ നർകോട്ടിക്, സൈബർ, പോക്സോ വിഭാഗങ്ങളിലേക്ക് മാറ്റണമെന്നുമാണ് റിപ്പോർട്ടിലെ ശുപാർശ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

