നീലേശ്വരത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണിട്ടുയർത്തി നിർമിച്ച പാതയിലൂടെ ഗതാഗതം ക്രമീകരിക്കാനുള്ള നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിന്റെ ശ്രമം തുടർച്ചയായി പരാജയപ്പെട്ട സാഹചര്യത്തിൽ പൊലീസ് സഹായം തേടി.
പഴയപാലം പൊളിച്ചു പുതിയത് നിർമിക്കുക, പൊലീസ് സ്റ്റേഷൻ വരെ എലിവേറ്റഡ് ബ്രിജ് പണിയുക എന്നീ ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തപക്ഷം അറസ്റ്റ് വരിച്ചാലും സമരത്തിൽനിന്നു പിന്മാറില്ലെന്ന നിലപാടിലാണ് നഗരസഭ കർമസമിതി. ഇവർ നടത്തിവരുന്ന അനിശ്ചിതകാല സമരം തുടരുന്ന സാഹചര്യത്തിൽ, വാഹനങ്ങൾ കടത്തിവിടാനുള്ള ഏത് നീക്കവും സമരക്കാർ തടയാനാണ് സാധ്യത.
ഇതിനിടെ, മാർക്കറ്റിലെ സർവീസ് റോഡിൽ ഓവുചാലുകൾ ഇല്ലാത്തതും രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. നിർമാണം പൂർത്തിയായ മേൽപാത അടിയന്തരമായി ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.
ഈ വിഷയത്തിൽ പൊലീസ് ഇടപെടൽ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. കുമ്പള ടോൾ പ്ലാസയിൽ ഉണ്ടായതു പോലുള്ള സംഘർഷ സാഹചര്യങ്ങൾ നീലേശ്വരത്തും ഉണ്ടാകുമോയെന്ന ആശങ്ക ശക്തമാണ്.
എന്നാൽ, സർവീസ് റോഡും ഓവുചാലും നിർമിക്കുന്നതിനായി മേൽപാത താൽക്കാലികമായി തുറന്നുകൊടുക്കുന്നതിൽ എതിർപ്പില്ലെന്ന് 59 ദിവസമായി സമരം ചെയ്യുന്ന ജനകീയ സമരസമിതി വ്യക്തമാക്കി. അതേസമയം, മാർക്കറ്റിൽ ഓവുചാൽ നിർമിക്കണമെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം കഴിഞ്ഞ വർഷം തന്നെ ലഭിച്ചിരുന്നു.
എന്നാൽ ഇത് നടപ്പിലാക്കാതെ നിർമാണം വൈകിപ്പിച്ചത് മേൽപാത തുറന്നു കൊടുക്കാൻ കമ്പനി നടത്തുന്ന സമ്മർദതന്ത്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്. മഴക്കാലത്തിന് മുൻപ് ഓവുചാലും സർവീസ് റോഡും പൂർത്തിയാക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടതാണ് നിലവിലെ ദുരിതത്തിന് കാരണമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ സംഘർഷം ഒഴിവാക്കാൻ ജില്ലാ കലക്ടർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

