കൊല്ലം കുണ്ടറയിൽ ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയ്ക്കും അഞ്ച് വയസ്സുകാരനായ മകനും ഇടിമിന്നലേറ്റു ഗുരുതര പരിക്കേറ്റു. കുണ്ടറ നെടുമ്പന പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് അപകടമുണ്ടായത്.
ഇടിമിന്നലിൽ ഇരുവരുടെയും ശരീരത്തിൽ പൊള്ളലേറ്റു. കുഞ്ഞിന്റെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്.
അമ്മയായ ശ്രീദേവിയുടെ വയറിന്റെ ഭാഗത്താണ് പൊള്ളലേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടിയും മിന്നലും അതിശക്തമായി തുടരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് കുട്ടികളും ഭർതൃമാതാവ് നന്ദിനിയോടൊപ്പം വീടിന്റെ മുൻവശത്തെ മുറിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.
ഇതിനുശേഷം ശ്രീദേവിയും ആദിദേവും അടുക്കള ഭാഗത്തേക്ക് പോയ സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇരുവരുടെയും നിലവിളി ശബ്ദം കേട്ട് നന്ദിനിയും മറ്റ് കുട്ടികളും അടുക്കള ഭാഗത്തേക്ക് ഓടിയെത്തിയപ്പോഴേക്കും അമ്മയും കുഞ്ഞും നിലത്തു വീണു കിടക്കുന്നതാണ് കണ്ടത്.
തുടർന്ന് ബഹളം കേട്ടെത്തിയ അയൽവാസികളുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം നെടുമ്പന ടിബി ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് വ്യക്തമായതിനെത്തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ സ്വിച്ച് ബോർഡുകൾ പൂർണ്ണമായി പൊട്ടിത്തെറിക്കുകയും ഇലക്ട്രിക് വയറുകൾ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ വീടിന്റെ ചുവരിനും കിണറിനും കാര്യമായ തകരാറുകൾ സംഭവിക്കുകയും ചെയ്തു. ഈ പ്രദേശത്ത് കുറച്ചു ദിവസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ മറ്റൊരു വീട്ടിൽ ഇടിമിന്നലേറ്റിരുന്നതായി പ്രദേശത്തെ പഞ്ചായത്തംഗം നിസാമോൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

