തിരുവനന്തപുരം: വാഹനാപകട കേസിന്റെ രേഖകൾ നൽകുന്നതിനായി പണം ആവശ്യപ്പെട്ട
സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസിന്റെ പിടിയിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സിപിഒ ആയ ജി ബി ബിജു (53) ആണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയാണ് ഇദ്ദേഹം. നെടുമങ്ങാട് പനവൂർ സ്വദേശിയായ വ്യക്തിക്ക് വാഹനാപകടത്തിൽ പരിക്കേറ്റതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിൽ നെടുമങ്ങാട് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസന്വേഷണത്തിന്റെ ഭാഗമായി, പരിക്കേറ്റയാളെ ബിജു പലതവണ ഫോണിൽ ബന്ധപ്പെടുകയും, ഇൻഷുറൻസ് ക്ലെയിം ലഭിക്കണമെങ്കിൽ താൻ നിർദ്ദേശിക്കുന്ന അഭിഭാഷകന് കേസ് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതിക്കാരൻ ഇതിന് തയ്യാറായിരുന്നില്ല.
തുടർന്ന്, കേസിൽ വക്കാലത്ത് എടുത്ത അഭിഭാഷകനെ ബിജു ഫോണിൽ വിളിച്ച് സംസാരിക്കുകയും, കേസ് രേഖകളുടെ പകർപ്പുകൾ നൽകുന്നതിനായി 20,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. അത്രയും വലിയ തുക നൽകാൻ നിർവാഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന്, ഒരു ഫയലിന്റെ പടിയായി 10,000 രൂപ വെള്ളിയാഴ്ച എത്തിച്ചു നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഈ ആവശ്യത്തിന് പിന്നാലെ അഭിഭാഷകൻ വിജിലൻസ് അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നടത്തിയ രഹസ്യ നീക്കങ്ങൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിൽ, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ നെടുമങ്ങാട് സ്റ്റേഷന് സമീപത്തുനിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ ബിജുവിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

