കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയും ബന്ധുവായ യുവാവും ട്രെയിൻ തട്ടി മരിച്ച സംഭവം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.
ആകോലിൽ തൊടിയഴികം വീട്ടിൽ സുനിൽകുമാർ–നിഷ ദമ്പതികളുടെ മകൾ വിസ്മയ (15), നെടുമ്പന പള്ളിമൺ തട്ടാരഴികം വീട്ടിൽ അനിൽകുമാർ–സുനിത ദമ്പതികളുടെ മകൻ അഭിലാഷ് (21) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് വിസ്മയ.
വെള്ളിയാഴ്ച രാവിലെ മാതാപിതാക്കൾ ജോലിക്കായി വീടുവിട്ടതിന് പിന്നാലെയാണ് വിസ്മയ സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയത്. സ്കൂൾ യൂണിഫോം ഒഴിവാക്കി സാധാരണ വേഷമാണ് കുട്ടി ധരിച്ചിരുന്നത്.
വിദ്യാർത്ഥികളുടെ മാതാപിതാക്കളും അധ്യാപകരും അംഗങ്ങളായ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പ് പരിശോധിച്ചപ്പോൾ വിസ്മയ അന്ന് സ്കൂളിൽ എത്തിയിട്ടില്ലെന്ന് അധികൃതർക്ക് വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയിൽ ഗ്രൂപ്പിൽ നിന്നും വിസ്മയയുടെ അമ്മയുടെ ഫോൺ നമ്പർ ‘എക്സിറ്റ്’ അടിച്ചിരിക്കുന്നതായി കണ്ടെത്തി.
സംശയം തോന്നിയതിനെ തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ അമ്മ ജോലിക്കുപോകും മുൻപ് വിസ്മയ തന്നെയാണ് ഈ നമ്പർ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കിയതെന്നാണ് കരുതുന്നത്.
പെൺകുട്ടിയെ കാണാതായതോടെ സ്കൂൾ അധികൃതരും മാതാപിതാക്കളും ചേർന്ന് ഇരവിപുരം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് അടുത്ത ബന്ധുവായ അഭിലാഷിനെയും കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്.
പഠനത്തിന് ശേഷം കാറ്ററിങ് ജോലികൾക്കടക്കം പോകാറുള്ള അഭിലാഷ്, മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം പള്ളിമണ്ണിലാണ് താമസം. എന്നാൽ അനിൽകുമാറും ഭാര്യയും ഇരവിപുരത്താണ് താമസിക്കുന്നത്.
മാതാപിതാക്കളെ കാണാൻ അഭിലാഷ് ഇരവിപുരത്ത് പതിവായി എത്താറുണ്ടായിരുന്നു. ഈ സമയത്താണ് സമീപത്ത് താമസിക്കുന്ന ബന്ധുവായ വിസ്മയയുമായി പരിചയത്തിലാകുന്നതും അടുപ്പത്തിലാകുന്നതും.
വെള്ളിയാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞിറങ്ങിയ വിസ്മയ അഭിലാഷിനൊപ്പമാണ് അങ്കമാലിയിൽ എത്തിയതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സംഭവസമയത്ത് ഇരുവരുടെയും കൈവശം മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല.
കാണാതായെന്ന പരാതി ലഭിച്ചതിനു പിന്നാലെ ഇരവിപുരം പൊലീസ് ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് പുലർച്ചെയോടെയാണ് അങ്കമാലിക്കു സമീപമുള്ള റെയിൽവേ ട്രാക്കിൽ വിസ്മയയുടെയും അഭിലാഷിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
അഭിലാഷിന്റെ വസ്ത്രത്തിന്റെ കീശയിൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖയിലെ വിവരങ്ങൾ പരിശോധിച്ച അങ്കമാലി പൊലീസ് ഉടൻതന്നെ ഇരവിപുരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

